‘ഇന്ദ്രന്‍സിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതല്‍’ പിന്തുണയുമായി വിനയ് ഫോര്‍ട്ട്

മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ നടത്തിയ പരാമാര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ വിനയ് ഫോര്‍ട്ട്. ‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’ എന്നായിരുന്നു മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ നടത്തിയ പരാമാര്‍ശം. ഇതിനെതിരെയാണ് വിനയ് ഫോര്‍ട്ട് രംഗത്തെത്തിയത്.…

മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ നടത്തിയ പരാമാര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ വിനയ് ഫോര്‍ട്ട്. ‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’ എന്നായിരുന്നു മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ നടത്തിയ പരാമാര്‍ശം. ഇതിനെതിരെയാണ് വിനയ് ഫോര്‍ട്ട് രംഗത്തെത്തിയത്. ‘ഇന്ദ്രന്‍സിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതല്‍. മറ്റേതുപമയും പ്രയോഗവും അന്തസാര ശൂന്യം.. സ്‌നേഹം.. ആദരവ്.. ഇന്ദ്രന്‍സേട്ടാ എന്നാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ‘അളക്കാനാവാത്ത പൊക്കം ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല്‍ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല’ എന്നാണ് മാല പാര്‍വ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സും രംഗത്തെത്തിയിരുന്നു.

മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് ബോഡി ഷെയിമിംഗ് തോന്നിയിട്ടില്ലെന്നും സംഭവത്തില്‍ വിഷമമോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ല ഇന്ദ്രന്‍സ് പറഞ്ഞു. ‘മന്ത്രി വിഎന്‍ വാസവന്‍ അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമമൊന്നുമില്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ലെ, അത് സത്യം തന്നെയല്ലേ?. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ലെന്നും ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ടെന്നായിരുന്നു’വെന്നുമാണ് താരം പ്രതികരിച്ചത്.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ വിവരിച്ചപ്പോഴായിരുന്നു മന്ത്രി ഇന്ദ്രന്‍സിനെ പരാമര്‍ശിച്ചത്. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തിലെത്തിയെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെയാണ് മന്ത്രി തന്നെ നേരിട്ട് പരാമര്‍ശം പിന്‍വലിച്ചിരുന്നു. മാത്രമല്ല, സഭാരേഖകളില്‍ നിന്ന് നീക്കാന്‍ സ്പീക്കറോട് കത്തുമുഖേന ആവശ്യപ്പെടുകയും ചെയ്തിരുന്നു.