അത്ഭുതദ്വീപ് 2 വരുന്നു!! പക്രുവിനൊപ്പം ഉണ്ണി മുകുന്ദന്‍, ചിത്രം പ്രഖ്യാപിച്ച് വിനയന്‍

മലയാളത്തിലെ ഫാന്റസി ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഹിറ്റ് ചിത്രമായിരുന്നു അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു എന്നിവരെ പ്രധാന കഥാപാത്രമാക്കി വിനയന്‍ ഒരുക്കിയ ചിത്രമായിരുന്നു അത്ഭുതദ്വീപ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് വിനയന്‍. പത്തൊമ്പതാം…

മലയാളത്തിലെ ഫാന്റസി ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഹിറ്റ് ചിത്രമായിരുന്നു
അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു എന്നിവരെ പ്രധാന കഥാപാത്രമാക്കി വിനയന്‍ ഒരുക്കിയ ചിത്രമായിരുന്നു അത്ഭുതദ്വീപ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് വിനയന്‍.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയാഘോഷത്തിനിടെയാണ് അത്ഭുതദ്വീപ് 2 പ്രഖ്യാപിച്ചത്. നീണ്ട 18 വര്‍ഷത്തിന് ശേഷമാണ് അത്ഭുതദ്വീപ് 2 എത്തുന്നത്. രണ്ടാം ഭാഗത്തില്‍ പക്രുവിനൊപ്പം യുവതാരം ഉണ്ണി മുകുന്ദനും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുമാണുള്ളത്.

”18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും”, എന്നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് വിനയന്‍ കുറിച്ചു.

അങ്ങനെ 18 വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും അത്ഭുതദ്വീപിനെ സ്‌നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയന്‍ സാറില്‍ നിന്നും വന്നെത്തിയിരിക്കുന്നു. ഒരുപാടു സന്തോഷവും അതിലേറെ ആവേശവും… കാരണം രണ്ടാം ഭാഗത്തില്‍ ഞങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്..അത്ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകള്‍ക്കായി നമുക്ക് കാത്തിരിക്കാം.” എന്നാണ് സന്തോഷ നിമിഷത്തെ കുറിച്ച് ഗിന്നസ് പക്രു പറയുന്നത്.

’18 വര്‍ഷം മുന്നേ അത്ഭുതദ്വീപ് തിയറ്ററില്‍ കണ്ടപ്പോള്‍ സ്വപ്നത്തില്‍ കരുതിയില്ല ഈ ഒരു കാര്യം. അത്ഭുതദ്വീപ് 2.” എന്നാണ് അഭിലാഷ് പിള്ള കുറിച്ചത്.

2005 ല്‍ ആണ് അത്ഭുതദ്വീപ് തിയ്യേറ്ററിലെത്തിയത്. ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍, കല്‍പ്പന എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായത്. മാത്രമല്ല കേരളത്തിലെ മുന്നൂറോളം കൊച്ചു മനുഷ്യര്‍ക്കും വിനയന്‍ അഭിനയിക്കാന്‍ അവസരം നല്‍കിയിരുന്നു.