നടുറോഡിൽ ട്രാന്‍സ്‌ജെന്‍ഡർ യുവതിക്ക് അടിവസ്ത്രമഴിച്ച് പരിശോധനയും മർദ്ദനവും: മനസാക്ഷി മരവിച്ചുവോ ? നിയമപീഠം നോക്കുകുത്തിയോ ?

ട്രാന്‍സ്‌ജെന്‍ഡർ എന്നത് ഇന്നും ചിലർക്ക് ചതുർഥിയാണ്. അവരും മനുഷ്യരാണെന്ന പരിഗണന പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. ഭിന്നലിംഗക്കാർ മാനംവിറ്റ് ജീവിക്കുന്നവരാണെന്ന മുൻധാരണ പലർക്കുമുണ്ട്. മാന്യമായി ജോലി ചെയ്ത ജീവിക്കുന്നവരാണ് അവരും. സ്ത്രീയേയും പുരുഷനേയും പോലെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളും. അവരും കുറവുകളില്ലാത്ത സൃഷ്ടിയാണ്. എന്നിട്ടും എന്തുകൊണ്ടൊ സമൂഹത്തിനെ മൂന്നാം നിരയിലേക്ക് ആരോ അവരെ ഒതുക്കിനിർത്തി. ഇന്ന് നാം കാണുന്നത് ആ മൂന്നാം നിര മുന്നിലേക്ക് കുതിക്കുന്ന കാഴ്ചയാണ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ അവർക്കായി സംഘടനകൾ രൂപീകരിക്കുന്നു. മാന്യമായ ജോലിചെയ്ത് സമൂഹത്തിന്റെ മുൻ നിരയിലേക്കെത്താൻ അവരും മത്സരിക്കുന്നു.

കഴിഞ്ഞ ദിവസം തിരുവന്തപുരം വലിയതുറയിൽ അരങ്ങേറിയത് മനസാക്ഷിയെ മുറിവേൽപ്പിക്കുന്ന കാഴ്ചയാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോവാന്‍ വേഷം മാറി വന്നതാണെന്ന് ആരോപിച്ചുകൊണ്ട് ഒരുകൂട്ടമാളുകള്‍ ട്രാന്‍സ്ജന്‍ഡറായ ചന്ദനയെ മര്‍ദ്ദിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നയാക്കിയായിരുന്നു മര്‍ദ്ദനം. ചന്ദനയുടെ അടിവസ്ത്രവം വരെ ഇവർ വലിച്ചുകീറി. അവളുടെ മാനത്തിനും വിലയുണ്ടെന്ന് എന്തുകൊണ്ട് 50ഓളം വരുന്ന പുരുഷന്മാർക്ക് മനസിലാക്കാൻ കഴിഞ്ഞില്ല? സമൂഹത്തിൽ  ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന വിഭാഗവും ഉണ്ടെന്ന് ഈ പുരുഷവർഗത്തിന് അറിയാത്തതുകൊണ്ടാണോ ഈ അതിക്രമം.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആക്രമണത്തിന് ഇരയാകുന്നത് പതിവ് സംഭവമാണ്. രാത്രി സഞ്ചാരത്തിന്റെ പേരിലാണ് ഇവര്‍ കൂടുതലും ആക്രമണത്തിന് ഇരയാവുന്നത്. സംരക്ഷണം നല്‍കേണ്ട പൊലീസുകാര്‍ വരെ ഇവരെ ആക്രമിക്കുന്നതിന്റെ തെളിവാണ് ഒരു മാസം മുൻപ് കോഴിക്കോട് നടന്ന സംഭവം. സാക്ഷരതാമിഷന്‍റെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെട്ടവരെ പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നു. ഈ വിഷയത്തില്‍ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ ഏറെനാൾ നിശബ്ദത പാലിച്ചിരുന്നു . ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അധികാരികളുൾപ്പടെ ട്രാന്‍സ്‌ജെന്‍ഡറുകളോട്‌ വേർതിരിവ് കാണിക്കുന്നുണ്ട്.

പകലയിടങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നതാണ് വാസ്തവം. സമൂഹത്തിലെ പുതുതലമുറ  ട്രാന്‍സ്‌ജെന്‍ഡറുകളെ ഇന്ന് അംഗീകരിക്കുന്നു. ഇവരുമായി സൗഹൃദം പങ്കുവെയ്ക്കാനും ഇന്നത്തെ തലമുറ തയ്യാറാണ്. എന്നിട്ടും രാത്രിയുടെ ഇരുട്ടിൽ ഇവർ വീണ്ടും ആക്രമിക്കപ്പെടുന്നു. എന്താണ് ഇവരെ വേർതിരിച്ചുകാണാൻ കാരണം? എന്തുകൊണ്ട് ഇവർ ആക്രമിക്കപ്പെടുന്നു?. കേരളം ഇന്ന് മനസാക്ഷി മരവിച്ച സമൂഹമായ് മാറുകയാണ്. ഇവരെ മാത്രമല്ല ആണിനേയും പെണ്ണിനേയും നടുറോഡിൽ പട്ടാപകൽ മർദിച്ച് അവശയാക്കിയതും കൊന്നതുമെല്ലാം ഈ കേരളത്തിൽ തന്നെയല്ലേ സംഭവിച്ചത്? എല്ലാ കര്യങ്ങൾക്കും പ്രതികരിക്കുന്ന കേരളത്തിലെ സാമൂഹിക സാംസ്‌കാരിക നേതാക്കളാരും ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്നങ്ങളിൽ അഭിപ്രായം പറയാനോ പ്രശ്‌നം പരിഹരിക്കാനൊ മുൻകൈയെടുക്കാറില്ല.

source: east cost daily