‘നിന്റെ കല്യാണത്തിന് വെച്ച പാട്ടൊക്കെ എന്തിനാടാ ഇവിടെ വെക്കണത്’ ഖജുരാഹോ ഡ്രീംസിൻറെ ടീസർ എത്തി!

നവാഗതനായ മനോജ് വാസുദേവ് യുവതാരങ്ങളായ അർജുൻ അശോകൻ, ഷറഫുദ്ദീൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, അതിഥി രവി എന്നിവരെ പ്രധാന താരങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. റോഡ് മൂവിയായിട്ടാണ് ഖജുരാഹോ ഡ്രീംസ് എത്തുന്നത്. ഖജുരാഹോ എന്ന സ്ഥലത്തേക്ക് ഈ അഞ്ച് പേരും യാത്ര പോകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം


ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിന്റെ കൂടി കഥയാണ് ഖജുരാഹോ ഡ്രീംസ് പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവർ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്.

സച്ചി – സേതു കൂട്ടുകെട്ടിലെ സേതുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനാണ്.