‘വിദ്യ ബാലൻ ഡേർട്ടി പിക്ചറിനായി ചെയ്ത പോലെ, ആളുകൾക്ക് അത് മനസിലാകും’; രൂപമാറ്റത്തെ കുറിച്ച് പരിണീതി

പരിണീതി ചോപ്ര സോഷ്യൽ മീഡിയയിൽ കുറച്ച് ചിത്രങ്ങൾ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇംതിയാസ് അലി സംവിധാനം ചെയ്ത അമർ സിങ് ചംകീല എന്ന ചിത്രത്തിന്റെ പ്രൊമോഷനിടേയും ഷൂട്ടിങ്ങിനിടേയും എടുത്ത ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്. എന്നാൽ, പരിണീതിയെ കണ്ട് ആരാധകർ ഞെട്ടിപ്പോയി. രൂപമാറ്റം വന്ന പരിണീതിയെ കണ്ടാണ് എല്ലാവരും ഞെട്ടിയത്. ഏറെ അയവുള്ള കാഫ്താനായിരുന്നു താരം ധരിച്ചിരുന്നത്. ഗർഭിണിയാണെന്നും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്നും ഇതോടെ ചിത്രത്തിന് താഴെ കമന്റുകൾ വന്നു.

 

View this post on Instagram

 

A post shared by @parineetichopra

ഇപ്പോൾ ഇത്തരം കമന്റുകൾക്കെല്ലാം താരം മറുപടി നൽകിയിരിക്കുകയാണ്. അമർ സിങ് ചംകീല എന്ന ചിത്രത്തിനായി താൻ വരുത്തിയ രൂപമാറ്റമാണ് ഇതെന്നും കഥാപാത്രത്തിനായി 16 കിലോ ഭാരം കൂട്ടിയെന്നുമാണ് താരം പറയുന്നത്. ’20 കിലോ കൂട്ടണമെന്നാണ് ഇംതിയാസ് സർ എന്നോട് പറഞ്ഞിരുന്നത്. മേക്കപ്പ് കുറവായിരിക്കുമെന്നും ഏറ്റവും ഭംഗിയില്ലാത്ത രൂപത്തിലാണ് ഈ സിനിമയിൽ ഞാനുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിനായി ഞാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ബാക്കിയെല്ലാ കാര്യങ്ങളും മറന്നു. ഭാരം കൂടിയതിനാൽ എനിക്ക് മറ്റ് പല അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ അവാർഡ് ഷോകളുടെ റെഡ് കാർപറ്റിൽ വരാറില്ല.

ബ്രാൻഡ് ഷൂട്ടുകൾ ചെയ്തിട്ടും കുറച്ച് കാലമായി. പക്ഷേ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. വിദ്യ ബാലൻ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിനായും ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നു. ഹോളിവുഡിൽ പോലും അഭിനേതാക്കൾ രൂപമാറ്റം വരുത്താറുണ്ട്. ഞാനും അതുപോലെ ഒരു നടിയാണ്. ആളുകൾക്ക് അത് മനസിലാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’-പരിണീതി പറഞ്ഞു.