ഷെയ്ന്‍ നിഗം ചിത്രത്തിലൂടെ പാക് ഗായകന്‍ മലയാളത്തിലേക്ക്!!

ഇന്ത്യന്‍ സംഗീത പ്രേമികളുടെ ഹൃദയത്തിലിടം നേടിയ പാകിസ്താന്‍ ഗായകന്‍ ആത്തിഫ് അസ്ലം മലയാളത്തിലേക്ക്. ഷെയ്ന്‍ നിഗം ചിത്രമായ ‘ഹാലി’ലൂടെയാണ് ആത്തിഫ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്.

പ്രശാന്ത് വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാല്‍. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം പ്രണയകഥയാണ് പറയുന്നത്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന ചിത്രമാണ്.

ഷെയ്ന്‍ നിഗത്തിന്റെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രവുമാണ്. മെയ് ആദ്യവാരം കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കും. കോഴിക്കോട്, മൈസൂര്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളാകും ചിത്രത്തിന്റെ ലൊക്കേഷന്‍. മെയ് ആദ്യവാരത്തോടെ ഷെയ്ന്‍ നിഗവും സെറ്റില്‍ ജോയിന്‍ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഒരേ സമയം ചിത്രം തിയ്യേറ്ററിലെത്തും.

ആദത്’, ‘വോ ലംഹേ’, ‘പെഹലീ നസര്‍ മേം’, ‘തേരാ ഹോനേ ലഗാ ഹൂം’ തുടങ്ങിയ ഗാനങ്ങളിലൂടെ ആരാധക മനസ്സില്‍ ഇടംപിടിച്ച ഗായകനാണ് ആത്തിഫ്. ഏഴു വര്‍ഷത്തിനു ശേഷമാണ് താരം ഒരു ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടി പാടുന്നത്. ആത്തിഫിനൊപ്പം ഗാനം ആലപിക്കുന്നത് പ്രശസ്തയായ ഒരു ഗായികയാണ്. ഗാനത്തിന്റെ റെക്കോര്‍ഡിങ് വിദേശത്തുവച്ച് പൂര്‍ത്തിയായിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് പാകിസ്താനി കലാകാര്‍ക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കപ്പെട്ടത്. ഗാനത്തിന് സംഗീതം പകര്‍ന്നത് നവാഗതനായ നന്ദഗോപന്‍ വി ആണ്. മൃദുല്‍ മീറും നീരജ് കുമാറും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ – കാര്‍ത്തിക് മുത്തുകുമാര്‍, കലാസംവിധാനം – പ്രശാന്ത് മാധവ്, എഡിറ്റര്‍ – ശ്രീജിത്ത് സാരംഗ്, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണ്‍, വിഎഫ്എക്സ് – ഡിടിഎം (ഡിജിറ്റല്‍ ടര്‍ബോ മീഡിയ), ഡിസൈന്‍സ് – യെല്ലോ ടൂത്ത്, പിആര്‍ഒ – ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.