പ്രണവ് മോഹന്‍ലാലിന്റെ ഇത്തവണത്തെ യാത്ര ജീവിയ്ക്കുന്ന വിസ്മയത്തിലേക്ക്!!

നടന്‍ പ്രണവ് മോഹന്‍ലാല്‍ യാത്രകളുടെ കൂട്ടുകാരനാണ്. സിനിമയേക്കാള്‍ കക്ഷിയ്ക്ക് താത്പര്യം യാത്രകളോട് തന്നെയാണ്. തന്റെ സിനിമ തിയ്യേറ്ററില്‍ തകര്‍ക്കുമ്പോഴും നായകന്‍ യാത്രകളുടെ ലോകത്താവും. താരജാഡകളൊന്നുമില്ലാതെ സാധാ സഞ്ചാരിയായി ഓരോ ഇടങ്ങളും ആസ്വദിച്ച് എക്‌സോപ്ലോര്‍ ചെയ്യുകയാണ് താരം.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം തിയ്യേറ്ററില്‍ തകര്‍ക്കുമ്പോള്‍ താരം യാത്രയിലാണ്. അങ്ങ് മേഘാലയയിലാണ് താരം ഇപ്പോള്‍. യാത്രക്കിടയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രണവ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. മേഘാലയയിലെ പ്രശസ്തമായ ലിവിങ് റൂട്ട് ബ്രിഡ്ജ് സന്ദര്‍ശിച്ചിരിക്കുകയാണ് താരം.

മേഘാലയയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നാണ് നോണ്‍ഗ്രിയാത് ഗ്രാമത്തിലെ ലിവിങ് റൂട്ട് ബ്രിജ്. മനുഷ്യനിര്‍മിതമായ പ്രകൃതിദത്ത പാലങ്ങളാണ് ഇവ. മരങ്ങളുടെ വേരുകള്‍ ക്രമീകരിച്ച്, ഖാസി ഗോത്ര വര്‍ഗക്കാര്‍ ഉണ്ടാക്കുന്ന പാലമാണ്. മേഘാലയയില്‍ ഇത്തരം പാലങ്ങള്‍ ധാരാളമുണ്ട്. അവയുടെ കൃത്യമായ പ്രായം ആര്‍ക്കും അറിയില്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയും കൂട്ടത്തിലുണ്ട്.