രതീഷ് ബാലകൃഷ്ണൻ പൊതുവാളാളിന്റെ ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രം മെയ് 16ന് തിയേറ്ററുകളിലെത്തും. ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ ഇറങ്ങിയ അപ്ഡേറ്റുകൾ എല്ലാം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രേമലോല എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. സുശിൻ ശ്യാമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സുരേശനും സുമലതയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് മലയാള സിനിമാലോകത്തെ നിരവധി താരങ്ങള്‍ ഒന്നിച്ചെത്തിയ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. ടൊവിനോ, ഐശ്വര്യലക്ഷ്മി, ഫഹദ്, ബേസിൽ, അനഘ, വിൻസി, റോഷൻ, ഗായത്രി, കനി കുസൃതി, സന്തോഷ് കീഴാറ്റൂർ, ദർശന, ദീപക് പറമ്പോൽ, അനാർക്കലി, സുദേവ് നായർ, മഞ്ജു പിള്ള, ശ്രിന്ദ, പിപി കുഞ്ഞികൃഷ്ണൻ, ഷാഹി കബീർ, സൈജു കുറുപ്പ്, സിത്താര, അനുമോൾ, ശാന്തി, ഗണപതി, ദിവ്യ, മൃദുൽ നായർ തുടങ്ങി നിരവധി താരങ്ങൾ സെൽഫി റീലുകളുമായി ട്രീലറിൽ അണിനിരന്നിരിക്കുന്നു. ട്രെയ്ലറിനൊപ്പം രസകരമായ രീതിയിൽ സിനിമയിലെ താരങ്ങളുടെ ഡയലോഗുകളും ചേർത്തുവെച്ചിട്ടുണ്ട്.
സുരേശനേയും സുമലതയേയും ‘1000 കണ്ണുമായ്’ എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടാകില്ല… ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകമനസ്സുകളിലേക്ക് കയറിക്കൂടിയവരാണവർ. ഒരു ടൈംട്രാവൽ കോമഡി സിനിമയായാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് വ്യക്തമാകുന്നത്. തുടക്കം മുതൽ അവസാനം വരെ ചിരിപ്പിക്കുന്നതായിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുരേശൻ കാവുങ്കൽ, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. ചാക്കോച്ചൻ ഗസ്റ്റ് റോളിൽ ചിത്രത്തിലുണ്ടെന്നതും കൗതുകം ജനിപ്പിക്കുന്നുണ്ട്. കൂടാതെ മറ്റനവധി അഭിനേതാക്കളും സിനിമയിലുണ്ട്.