
ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കന്നഡ നടന് ചേതന്‍ ചന്ദ്ര. ഞായറാഴ്ച ബംഗളൂരു കഗ്ഗലിപുരയില്‍ വച്ചാണ് താരത്തിനെതിരെ ആക്രമണം നടന്നത്. താരം തന്നെയാണ് ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ പങ്കുവച്ചത്. ഇരുപതോളം പേര് ചേര്‍ന്നാണ് താരത്തിനെതിരെ ആക്രമണം നടത്തിയത്. വീഡിയോയിലെത്തി മുഖത്തെ പരിക്കുകള്‍ താരം പങ്കുവച്ചു. മുഖത്ത് മുറിവുകളേറ്റ് രക്തത്തില്‍ കുളിച്ചുനില്ക്കുന്ന താരമാണ് വീഡിയോയില്‍.

മാതൃദിനത്തില്‍ താനും അമ്മയും ക്ഷേത്രദര്‍ശനം നടത്തി മടങ്ങുമ്പോഴായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരാള്‍ തങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച് അയാളോട് ചോദിച്ചു. കുറച്ച് സമയത്തിന് ശേഷം ഒരു സ്ത്രീ ഉള്‍പ്പടെ 20 പേരടങ്ങുന്ന സംഘം എത്തി എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. എന്റെ മൂക്ക് അവര്‍ തകര്‍ത്തു. കാറിന് വീണ്ടും കേടുപാട് വരുത്തി. വല്ലാത്തൊരു ദുരനുഭവമായിരുന്നു അതെന്ന് ചേതന്‍ ചന്ദ്ര പറയുന്നു. നടന്റെ പരാതിയില്‍ കഗ്ഗലിപുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി, ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

‘സത്യം ശിവം സുന്ദരം’ എന്ന പ്രശസ്ത ടെലിവിഷന്‍ സീരീസിലൂടെയാണ് ചേതന്‍ ചന്ദ്ര ശ്രദ്ധേയനായത്.പ്രേമിസം, പി.യു.സി, രാജധാനി, ബസാര്‍ തുടങ്ങി നിരവധി സിനിമകളിലും താരം ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.











