
ജയ ജയ ജയ ജയഹേ സിനിമയിലെ ബേസിലിന്റെ പെർഫോമൻസിനെ പുകഴ്ത്തി തമിഴ് താരം ജ്യോതിക തന്നോട് സംസാരിച്ചതായി നടൻ പൃഥ്വിരാജ്. മുംബൈയിലുള്ള ജ്യോതികയുടെയും സൂര്യയുടെയും വീട്ടിൽ ഭക്ഷണം പോയപ്പോഴാണ് ജയ ജയ ജയ ജയഹേ സിനിമയെ കുറിച്ച് സംസാരിച്ചതെന്ന് പൃഥ്വി പറഞ്ഞു. സിനിമയിലെ ബേസിലിന്റെ പെർഫോമൻസ് കണ്ട് അവനെ തല്ലാൻ തോന്നിയെന്നും എന്നാൽ ബേസിൽ ആയതുകൊണ്ട് സ്നേഹിക്കാനും തോന്നുമെന്നാണ് ജ്യോതിക പറഞ്ഞത്.
‘ബേസിലിന്റെ റിയൽ ലൈഫ് പേഴ്സണാലിറ്റിയെക്കുറിച്ച് ഞാൻ കേട്ട ഏറ്റവും നല്ല റിമാർക്ക് ജ്യോതികയിൽ നിന്നാണ്. ഞാൻ മുംബൈയിലുള്ള അവരുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. ഞാൻ പോവുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പാണ് അവർ ജയ ജയ ജയഹേ കണ്ടത്. ആ സമയത്താണ് സിനിമ ഒടിടി സ്ട്രീമിങ് തുടങ്ങിയത്. ഭക്ഷണമൊക്കെ കഴിച്ച ശേഷം ഞങ്ങൾ ആ സിനിമയെക്കുറിച്ച് സംസാരിച്ചു. എന്ത് ബ്രില്യന്റാണ് ആ സിനിമ എന്നൊക്കെ പറഞ്ഞ് ഒടുക്കം ബേസിലിലേക്ക് ചർച്ചയെത്തി. എനിക്ക് ആ സമയത്ത് ബേസിലുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല.

ജ്യോതിക എന്നോട് പറഞ്ഞത്, ബേസിലിന്റെ ആ ക്യാരക്ടറിനെ കാണുമ്പോൾ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയതെന്നാണ്. പക്ഷേ ഇവനായത് കൊണ്ട് സ്നേഹിക്കാനും തോന്നുന്നു എന്ന്. ആ ക്യാരക്ടർ അവൻ നന്നായി ചെയ്തുവെച്ചിട്ടുണ്ട്. പക്ഷേ എല്ലാവർക്കും ജ്യോതിക പറഞ്ഞതുപോലെയാണ് തോന്നുന്നത്,‘ പൃഥ്വി കൂട്ടിച്ചേർത്തു.











