മാതാപിതാക്കളായുള്ള മനോഹരമായ യാത്ര തുടങ്ങുകയാണ്!! കുഞ്ഞ് രാജകുമാരനെത്തിയ സന്തോഷം പങ്കുവച്ച് യാമിയും ആദിത്യയും

നടി യാമി ഗൗതം അമ്മയായി. ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തിയ സന്തോഷം താരദമ്പതികള്‍ സോഷ്യലിടത്ത് പങ്കുവച്ചു. യാമി ഗൗതമിന്റെയും ഭര്‍ത്താവ് ആദിത്യയുടെയും ആദ്യത്തെ കണ്‍മണിയാണ്. ആണ്‍കുഞ്ഞാണ് താരങ്ങള്‍ക്ക് പിറന്നത്. കുഞ്ഞിന്റെ പേരും താരങ്ങള്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

വേദാവിദ് എന്നാണ് കുഞ്ഞിന് പേരിട്ടത്. ഗര്‍ഭകാലത്തും പ്രസവ സമയത്തും മികച്ച പരിചരണം നല്‍കി കൂടെ നിന്ന ഡോക്ടര്‍മാര്‍ക്കും താരങ്ങള്‍ നന്ദിയറിയിക്കുന്നുണ്ട്. മാതാപിതാക്കളായുള്ള മനോഹരമായ ഈ യാത്ര തുടങ്ങുമ്പോള്‍ മകന്റെ ഭാവിയെ ഞങ്ങള്‍ ആകാംക്ഷയോടെ നോക്കുകയാണ്. അവന്‍ കുടുംബത്തിനും രാജ്യത്തിനും അഭിമാനമായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും യാമി പറയുന്നു.

മെയ് 10 അക്ഷയതൃതീയ ദിനത്തിലാണ് കുഞ്ഞ് ജനിച്ചത്. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും സ്‌നേഹവും കുഞ്ഞിന് ഉണ്ടാകണമെന്നും താരങ്ങള്‍ പറയുന്നു. താരങ്ങള്‍ക്കും കുഞ്ഞിനും ആരാധകരും ആശംസകള്‍ നേരുന്നുണ്ട്.

കുഞ്ഞിന്റെ പേരാണ് സോഷ്യലിടത്ത് വൈറലാകുന്നത്. അര്‍ഥം എന്താണെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെയായിരുന്നു ഗര്‍ഭിണിയാണെന്ന സന്തോഷം യാമി പങ്കുവച്ചത്. 2021 ജൂണിലായിരുന്നു ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായത്. ഫിലിംമേക്കറാണ് ആദിത്യ.