
കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്റെ വിദേശ യാത്ര റദ്ദാക്കി. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത അവസ്ഥയിലുമാണ് വി ഡി സതീശന്റെ യുഎഇ സന്ദർശനം റദ്ദാക്കിയത്.

ഇന്ന് വൈകിട്ട് കൊച്ചിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായിരുന്നു പ്രതിപക്ഷ നേതാവ് പുറപ്പെടേണ്ടിയിരുന്നത്.

തന്റെ മണ്ഡലമായ എറണാകുളം ജില്ലയിലെ പറവൂരിൽ അടക്കം വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിൽ വിദേശ യാത്ര പ്രതിപക്ഷ നേതാവ് ഒഴിവാക്കുകയായിരുന്നു. പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാലവർഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.












