
സെപ്റ്റംബർ 25ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ആരം’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ അവതരണശൈലിക്കും അപ്രതീക്ഷിത വഴിത്തിരിവുകൾക്കും പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലൂടെയും പ്രേക്ഷകരെ ഒപ്പം കൂട്ടുന്ന ആഖ്യാനരീതിയും രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും ക്ലൈമാക്സും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി വിലയിരുത്തപ്പെടുന്നു. അനാവശ്യ രംഗങ്ങളിലേക്ക് നീങ്ങാതെ കഥയിലെ സംഘർഷങ്ങൾക്ക് പ്രാധാന്യം നൽകുന്ന അവതരണവും ശ്രദ്ധ നേടുന്നുണ്ട്.
പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന സൈജു കുറുപ്പിന്റെ സ്വാഭാവിക പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഔദ്യോഗിക ജീവിതത്തിലെ അന്വേഷണത്തിനൊപ്പം വ്യക്തിജീവിതത്തിലെ സംഘർഷങ്ങളും നേരിടുന്ന കഥാപാത്രത്തിന് നടൻ വൈകാരികമായ ആഴം പകരുന്നുണ്ട്. അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമാണ്.
വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിങ്ങും രോഹിത് ഗോപാലകൃഷ്ണന്റെ സംഗീതവും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവത്തിന് കൂടുതൽ കരുത്തേകുന്നു.
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് വിതരണം നിർവഹിക്കുന്നത്. ജാങ്കോ സ്പേസാണ് ഡിജിറ്റൽ വിഭാഗം കൈകാര്യം ചെയ്യുന്നത്. ബ്രിങ് ഫോർത്ത് മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിങ്ങും ഐശ്വര്യ രാജ് പി.ആർ.ഒ ചുമതലയും നിർവഹിക്കുന്നു.












