
വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എ.ഡി’യുടെ ട്രെയിലര്‍ എത്തി. മൂന്ന് മിനിറ്റ് രണ്ട് സെക്കൻഡ് ഉള്ള ട്രെയിലര്‍ ആണ് എത്തിയിട്ടുള്ളത്. ബ്രഹ്മാണ്ഡം എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാവുന്നതാണ് ട്രെയിലര്‍. പ്രഭാസും അമിതാഭ് ബച്ചനുമെല്ലാം ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. നേരത്തെ, പുറത്തിറങ്ങിയ ബുജ്ജി ആന്‍ഡ് ഭൈരവ എന്ന ആമസോണ്‍ പ്രൈം വീഡിയോ ആനിമേഷന്‍ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക. ബി സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.
ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന് വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്മാന്, ദിഷ പഠാനി, പശുപതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.











