ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും താരം മുന്‍പന്തിയിലാണ്. കാന്‍സര്‍ ബാധിതയായിരുന്ന നടി ശരണ്യയെയും നന്ദു മഹാദേവയെയുമെല്ലാം സ്വന്തം കൂടപ്പിറപ്പായി കണ്ട് സഹായങ്ങളുമായി സീമ അവസാന നിമിഷം വരെയും ഒപ്പമുണ്ടായിരുന്നു.

ശരണ്യയെ സ്വന്തം അനുജത്തിയായിട്ടാണ് സീമ കണ്ടിരുന്നത്. അതിലൂടെയാണ് താരത്തിന്റെ ചാരിറ്റിയും പുറംലോകം അറിഞ്ഞത്. എന്നാല്‍ അതിന് മുന്‍പും ശേഷവുമെല്ലാം സീമ നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ചാരിറ്റിയ്ക്ക് വേണ്ടി നടന്‍ നന്ദു സഹായിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

സിനിമാ സീരിയല്‍ മേഖലയില്‍ തനിക്ക് അധികം സുഹൃത്തുക്കളില്ല, പക്ഷേ താന്‍ എല്ലാവരുടെയും നല്ല സുഹൃത്താണെന്നും സീമ പറയുന്നു. നന്ദുവാണ് തനിക്ക് ഏറെ അടുപ്പമുള്ള സുഹൃത്ത്. തന്റെ എല്ലാ കാര്യങ്ങളും നന്ദുവിന് അറിയാം. നന്ദുവിനോടാണ് താന്‍ എല്ലാ കാര്യങ്ങളും പറയാറുള്ളത്. നന്ദുവിന്റെ കുടുംബവും തന്നോട് അങ്ങനെയാണ്.

ഒരുപാട് സ്ട്രഗിള്‍ ചെയ്തയാളാണ നന്ദു. അത്രയും വിഷമിച്ച സാഹചര്യങ്ങളിലായിരുന്നപ്പോഴും ഒരു പ്രശ്‌നമുണ്ടെന്ന് പറയുമ്പോള്‍ അതിനുള്ള പരിഹാരവും ഉടന്‍ പറയും. ചിലപ്പോള്‍ നന്ദുവിന്റെ കൈയില്‍ ഒരു അയ്യായിരം രൂപയേ കാണൂ, അപ്പോഴും അതില്‍ നിന്നും നാലായിരം രൂപ എനിക്ക് അയച്ചു തരും, അവര്‍ക്ക് കൊടുത്തേക്ക് എന്നു പറയും. നന്ദു തരുന്നത് ചിലപ്പോള്‍ ആയിരമാകാം, ചിലപ്പോള്‍ രണ്ടായിരമാകാം. പക്ഷേ ആ രണ്ടായിരത്തിന് ഒരു രണ്ട് ലക്ഷത്തിന്റെ വിലയാണ് താന്‍ കൊടുക്കുന്നത്. കാരണം അത്തരം സാഹചര്യത്തിലൂടെ താന്‍ പോകുമ്പോഴായിരിക്കും നന്ദു തന്നെ സഹായിക്കുന്നത്.

പണം കുന്നുകൂട്ടി വച്ച് അതിന്റെ മുകളില്‍ കിടന്നുറങ്ങുന്ന സുഹൃത്തുക്കളോടൊക്കെ സഹായം ചോദിച്ചിട്ടുണ്ട്, പക്ഷേ അവരൊക്കെ ആ മെസേജ് കാണാത്ത പോലെ നടിക്കും. അങ്ങനെ കുറെ സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.