
തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ് താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയത്. ഇതോടെ നാഗാര്‍ജുനയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
പുതിയ ചിത്രം ‘കുബേര’യുടെ ചിത്രീകരണത്തിനിടെയായിരുന്നു താരം ആരാധകനെ കാണാനെത്തിയത്. മുംബൈയിലെത്തിയ താരം ഉടനെ തന്നെ യുവാവിനെ കാണാനെത്തിയ അത് തന്റെ തെറ്റല്ലെന്ന് പറഞ്ഞു കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

രണ്ടുദിവസം മുന്‍പായിരുന്നു സംഭവം. താരം അന്ന് തന്നെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. വിമാനത്താവളത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നാഗാര്‍ജുനെ കണ്ട് കടയിലെ ജീവനക്കാരന്‍ നടന്റെ അടുത്തേക്ക് വരുകയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റി.

എന്നാല്‍ ഈ നടന്നതൊന്നും നാഗാര്‍ജുന കണ്ടില്ലായിരുന്നു. വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചിതോടെയാണ് താരം വിഷയത്തിലിടപെട്ടത്. സോഷ്യലിടത്ത് ക്ഷമാപണവും പങ്കുവച്ചിരുന്നു. തുടര്‍ന്ന് ഇതൊരിക്കലും നടക്കരുതായിരുന്നുവെന്നും ആ മാന്യവ്യക്തിയോട് ഞാന്‍ മാപ്പുചോദിക്കുന്നു. ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കും എന്നും താരം വ്യക്തമാക്കിയിരുന്നു.











