
തെന്നിന്ത്യൻ സൂപ്പർ നായിക അനുഷ്ക ഷെട്ടിയെ ബാധിച്ച അപൂർവ രോഗാവാസ്ഥ വലിയ ചർച്ചയായിരിക്കുകയാണ്. സ്യൂഡോബൾബർ അഫെക്ട് (Pseudobulbar Affect) എന്ന രോഗാവസ്ഥയാണ് അനുഷ്കയെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞത്.
എന്താണ് സ്യൂഡോബൾബർ അഫെക്ട്?
നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തന്നെ ബാധിച്ചതെന്നാണ് അനുഷ്ക പറയുന്നു. സ്യൂഡോബൾബർ അഫെക്ട് (Pseudobulbar Affect) എന്നാണ് രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ്വ ന്യൂറോളജിക്കൽ അവസ്ഥയാണിത്.
സ്ട്രോക്ക്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്), ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി, അൽഷിമേഴ്സ് രോഗം തുടങ്ങിയ തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് അല്ലെങ്കിൽ പരിക്കുകളുമായി പിബിഎ പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു.
വൈകാരിക പ്രകടനത്തെ നിയന്ത്രിക്കുന്ന ന്യൂറൽ പാതകളിലെ തടസങ്ങളാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങളിലും മാറ്റം വരാം. ഒരു വ്യക്തി സങ്കടകരമായ ഒരു സംഭവത്തിൽ ചിരിക്കുകയോ തമാശ പറയുന്ന സാഹചര്യത്തിൽ കരയുകയോ ചെയ്യുന്നതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. പിബിഎ ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുമെന്നും വിദഗ്ധർ പറയുന്നു.











