ദുരന്ത ഭൂമിയിൽ ആശ്വാസമേകാൻ മോഹൻലാൽ! എത്തിയത് സൈനിക യൂണിഫോമിൽ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ എത്തി, മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലും, ദുരിത ബാധിത പ്രദേശങ്ങളിലേക്കും  ആണ് താരം എത്തിയത് .അതും സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം, ജോലിയുെട ഭാഗമായിക്കൂടിയാണ് സൈനിക വേഷത്തിൽ  ദുരന്തമേഖലകൾ സന്ദർശിക്കാൻ എത്തിയിരുന്നത്. നടൻ  കോഴിക്കോട്ടുനിന്ന് റോഡുമാർഗം വയനാട്ടിലെത്തി പിന്നീട്  ആദ്യംതന്നെ  മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാംപിലേക്ക് പോയി .പിന്നീട്  ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷ൦  മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്കും ചൂരൽമലയിലേക്കും എത്തിയത്.

ആർമി യൂണിഫോമിലാണ് മോഹൻലാൽ സൈന്യത്തിനൊപ്പം എത്തിയത്. സൈനികോദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് നടൻ  ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരന്തം നടന്ന് അഞ്ചാം ദിനമാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം സംഭാവനയും നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് നടന്‍ നല്‍കിയത്

നേരത്തെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടിയിരുന്നു. ‘വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്‍ത്ത് ഇനിയും ഒരുപാട് പേരുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുകയാണ്. ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു. മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താൻ പ്രാര്‍ഥിക്കുകയും ചെയ്യുന്നു’,ജയ് ഹിന്ദ് എന്നായിരുന്നു നടൻ സോഷ്യൽ മീഡിയിൽ കുറിച്ചത്