മുലയൂട്ടൽ കുഞ്ഞിന് മാത്രമല്ല, അമ്മയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും; കാൻസര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ

മുലയൂട്ടൽ കു‍ഞ്ഞിന്റെ വളർച്ചയ്ക്ക് മാത്രമല്ല അമ്മയുടെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍. മുലയൂട്ടൽ കുട്ടികളിലും അമ്മമാരിലും വിവിധ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്നാണ് വിവിധ പഠനങ്ങളില്‍ പറയുന്നത്. അമ്മമാര്‍ക്ക് സ്തന, അണ്ഡാശയ അർബുദത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിന് മുലയൂട്ടൽ സഹായകരമാണ്.

ഒപ്പം കുട്ടിക്കാലത്തെ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിൽ മുലപ്പാലിന്‍റെ സുപ്രധാനമായ പങ്കും വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ദീർഘകാലം മുലയൂട്ടുന്ന അമ്മമാർക്ക് സ്തനാർബുദം വരാനുള്ള സാധ്യത കുറവാണ്. മുലയൂട്ടൽ അസാധാരണമായ ക്യാൻസർ കോശ വളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനങ്ങളിലെ കണ്ടെത്തല്‍.

മുലപ്പാൽ ട്യൂമർ സെൽ ഉത്പാദനം കുറയ്ക്കും. ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്നും മുലപ്പാൽ നൽകുന്ന അമ്മമാർക്ക് ആർത്തവവിരാമത്തിന് മുമ്പും ശേഷവും സ്തനാർബുദ സാധ്യത കുറയ്ക്കുന്നതും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ആദ്യത്തെ ആറ് മാസം കുഞ്ഞിന് നിർബന്ധമായും മുലപ്പാൽ തന്നെ നൽകണമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ചും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും നിര്‍ദേശിച്ചു.