ലോകത്തെ മുഴുവൻ ത്രസിപ്പിച്ച മലയാളി; ആഷിഖ് അബു വിളിച്ചു, ഹനുമാൻകൈൻഡ് വന്നു; പുതിയ പടത്തിൽ കിടിലൻ വേഷം

‘Big Dawgs’ എന്ന ഒറ്റ ആൽബത്തിലൂടെ ലോകമാകെ ആരാധകരെ സൃഷ്ടിച്ച ഹനുമാൻകൈൻഡ് (സൂരജ് ചെറുകാട്) മലയാള സിനിമയിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് സൂരജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഭീര എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ലുക്കിൽ കയ്യിൽ തോക്കേന്തി നിൽക്കുന്ന ഹനുമാൻകൈൻഡിന്റെ പോസ്റ്ററും പുറത്ത് വന്നിട്ടുണ്ട്. അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് റൈഫിൽ ക്ലബ്ബ്.

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്. ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ. പി നിസ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവരാണ് തിരക്കഥ സംഭാഷണം ഒരുക്കുന്നത്. ‘മായാനദി’ക്ക് ശേഷം ഈ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘റൈഫിൾ ക്ലബ്ബി’നുണ്ട്.