വിവാഹമോചനം ജയം രവിയുടെ മാത്രം തീരുമാനമാണോ ? കുറിപ്പുമായി ജയം രവിയുടെ ഭാര്യ ആരതി രവി

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചതെന്ന് ജയം രവിയുടെ  ഭാര്യ ആരതി. തങ്ങളുടെ വിവാഹ ജീവിതത്തേക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഞെട്ടലും സങ്കടവുമുണ്ടാകുന്നെന്ന് ആരതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

2009ല്‍ ആണ് നിര്‍മ്മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. രണ്ട് ദിവസം മുമ്പാണ് ജയം രവി ആരതിയുമായി വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നു എന്നാണ് ആരതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ആരതിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്,… ഈയിടെയായി ഞാന്‍ എന്റെ ഭര്‍ത്താവുമായി സംസാരിക്കാനും അദ്ദേഹത്തെ കാണാനും പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ആ അവസരം നിഷേധിക്കപ്പെട്ടു. ഞാനും രണ്ടു കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള ഈ തീരുമാനം പൂര്‍ണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ്. അല്ലാതെ വീട്ടുകാരുടെ താല്‍പര്യത്തിന് വേണ്ടിയല്ല. വളരെ വേദനാജനകമായ ഈ അവസ്ഥയില്‍, പരസ്യമായി ഇതിനെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  പക്ഷേ, എന്നെ കുറ്റപ്പെടുത്തി, എന്റെ പെരുമാറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യമായ പരോക്ഷമായ ആക്രമണങ്ങളെ ഞാന്‍ വളരെ പ്രയാസത്തോടെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഒരു അമ്മയെന്ന നിലയില്‍, എന്റെ കുട്ടികളുടെ ക്ഷേമവും ഭാവിയുമാണ് എപ്പോഴും എന്റെ പ്രഥമ പരിഗണന. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ എന്റെ മക്കളെ വേദനിപ്പിക്കാന്‍ അനുവദിക്കില്ല. ഈ നുണകളെ നിഷേധിക്കേണ്ടത് എന്റെ പ്രാഥമികമായ കടമയാണ്. നിഷേധിക്കാത്ത നുണകള്‍ ഒടുവില്‍ സത്യമായി വിശ്വസിക്കപ്പെടും എന്നതു തന്നെയാണിതിന് കാരണം.  ഈ ദുഷ്‌കരമായ സമയത്ത് എന്റെ കുട്ടികള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് ആവശ്യമായ ധൈര്യവും നല്‍കുകയും ചെയ്യേണ്ടത് എന്റെ പ്രാഥമിക കടമയാണ്. ഒരു പക്ഷപാതവുമില്ലാതെ കാലം വസ്തുതകള്‍ വെളിപ്പെടുത്തുമെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഞാനും കുട്ടികളും ഈ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ വ്യക്തിപരമായ വികാരങ്ങളെ മാനിക്കാന്‍ താഴ്മയോടെ അപേക്ഷിക്കുന്നു എന്നും കുറിച്ചിട്ടുണ്ട് .

തന്റെ ഔദ്യോഗിക എക്സിലുടെ ജയം രവി തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് സ്ഥിരീകരിച്ചത്. 2009ലായിരുന്നു നിർമ്മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയെ ജയം രവി വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് ആൺമക്കളും ഉണ്ട്. ഏറെ നാളായി അകന്നായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.

എന്നാൽ ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചിട്ടും, ആരതി ഇങ്ങനെയൊരു വിശദീകരണം നൽകിയതും  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട് . Married to @jayamravi_official എന്ന സോഷ്യൽ മീഡിയ ഡിസ്ക്രിപ്ഷൻ ആരതി ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.  തമിഴ് സിനിമയിൽ മുൻനിര നായകനായി ജയം രവി നിറഞ്ഞുനിൽക്കുന്ന കാലത്താണ് ആരതിയുമായുള്ള വിവാഹം കഴിഞ്ഞത്.

ജയം രവി വിവാഹമോചനത്തെ കുറിച്ച് എക്സിൽ കുറിച്ചത് ഇങ്ങനെയാണ് , ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഇതിനുപിന്നിൽ എന്നും പെട്ടെന്നുണ്ടായ തീരുമാനമല്ല. എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ്. ഈ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യത മാനിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു എന്നാണ്