രൺബീറിനെ കണ്ടുപഠിക്കാൻ ഭർത്താവിനോട് അമല പോൾ ; ഉണ്ണി വാ വാവോ’ ഇപ്പോൾ ബോളിവുഡിലും

മകളെ ഉറക്കാൻ മലയാളം സിനിമയിലെ താരാട്ട് പാട്ട് ‘ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ’ നടൻ രൺബീർ കപൂർ പഠിച്ചെടുത്തെന്ന് ഭാര്യയും നടിയുമായ ആലിയ ഭട്ട് പറയുന്ന ഒരു ഹിന്ദി അഭിമുഖ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം ആലിയ ഭട്ടിന്റെ ഈ വീഡിയോ വൈറലായതോടെ നടി അമല പോളിന്റെ ഭർത്താവ് ജ​ഗത് ദേശായിയെ മെൻഷൻ ചെയ്ത് ഈ വീഡിയോയിക്കൊപ്പം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ മലയാളികൾക്കിടയിൽ വൈറലാകുന്നത്. നിങ്ങൾ ഇപ്പോൾ പഠിക്കുന്നതാണ് നല്ലത് എന്നാണ് ഭർത്താവിനോട് അമല പോൾ പറഞ്ഞത്.

കുഞ്ഞിനെ ഉറക്കാൻ ജഗത് ദേശായിയും താരാട്ട് പാട്ട് പഠിക്കണം എന്ന മുന്നറിയിപ്പാണ് അമല പോൾ ഇപ്പോൾ ഭർത്താവിന് നൽകുന്നത്. എന്തെന്നാൽ  ജ​ഗത് ദേശായി നോർത്ത് ഇന്ത്യനാണ്. പുള്ളിക്ക് മലയാളം ഒട്ടുമറിയില്ല. അതുകൊണ്ട് തന്നെ ഇപ്പോഴെങ്കിലും പഠിച്ചാലേ കുഞ്ഞിനെ ഉറക്കാനുള്ള സമയം വരുമ്പോൾ ജഗത്തിനു പാട്ടു പാടി ഉറക്കാൻ കഴിയുകയുള്ളു എന്നാണ് അമല പോൾ ഭർത്താവിന് നൽകുന്ന മുന്നറിയിപ്പ്. അമലയ്ക്കും ജഗത്തിനും കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇളൈ എന്ന ആൺകുഞ്ഞു പിറന്നത്.

ഗുജറാത്ത് സ്വദേശിയാണ് ജഗത് ദേശായ്. സൂറത് ആണ് ജഗത് ദേശായിയുടെ ജന്മദേശം. ജീവിതത്തിലെ തുടക്കകാലം മുഴുവനും ജഗത് ദേശായി ഗുജറാത്തിലാണ് ചെലവിട്ടത്. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസായി ജോലി നോക്കുകയാണ് ഇപ്പോൾ. യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാല യാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇക്കഴിഞ്ഞ ഓണാഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ടപ്പോഴാണ് മകന്റെ മുഖം ആദ്യമായി ആരാധകർക്ക് മുന്നിൽ അമല പോളും ഭർത്താവും തുറന്നു കാണിച്ചത്.

രണ്ട് വർഷം മുമ്പാണ് ഏറെ നാളത്തെ പ്രണയത്തിനുശേഷം രൺബീർ കപൂറും ആലിയ ഭട്ടും വിവാ​​ഹിതരായത്. വിവാഹിതരായ അതേ വർഷം തന്നെ  നവംബറോടെ ഇരുവർക്കും മകൾ റാഹ ജനിച്ചു. ജനിച്ച ദിവസം മുതൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാർ കിഡ്ഡായി റാഹ മാറുകയായിരുന്നു. ഏറെനാൾ മീഡിയയുടെയും പാപ്പരാസികളുടെയും കൺമുന്നിൽ നിന്ന് മകൾ റാഹയുടെ മുഖം മറച്ചു പിടിക്കുകയായിരുന്നു ആലിയയും രൺബീറും. മകളുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങളൊന്നും ആലിയയും രൺബീറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. മാത്രമല്ല മകളുടെ ചിത്രങ്ങൾ പകർത്തരുതെന്ന് ആലിയയും രൺബീറും പാപ്പരാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആലിയയും രൺബീറും ആദ്യമായി മകളെ ലോകത്തിന് പരിചയപ്പെടുത്തി. ആലിയയുടെ ഫോട്ടോ കോപ്പിയാണ് റാഹയെന്നാണ് ചില ആരാധകരുടെ അഭിപ്രായം. മറ്റ് ചിലർ രൺബീറിന്റെ പിതാവ് റിഷി കപൂറിന്റെ കണ്ണും മുഖവുമാണ് റാഹയ്ക്കൊന്നാണ് പറയാറുള്ളത്. റാഹയ്ക്ക് ഒപ്പമുള്ള ആലിയയുടെയും രൺബീറിന്റെയും ഔട്ടിങുകളെല്ലാം തന്നെ ഇന്ന് പാപ്പരാസികളെ സംബന്ധിച്ച് ആഘോഷമാണ്. താരദമ്പതികൾ പോവുന്നിടത്തെല്ലാം പാപ്പരാസികൾ റാഹയുടെ ചിത്രങ്ങൾ പകർത്താൻ മത്സരിക്കുന്ന കാഴ്ചയാണ് കാണാനാവുക.

രൺബീർ കപൂറും ആലിയ ഭട്ടും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് മകൾ റാഹയുടെ വിശേഷങ്ങൾ ആരാധകർ ചോദിച്ചറിയുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ മകൾക്ക് പ്രിയപ്പെട്ട താരാട്ട് പാട്ട് ‘ഉണ്ണി വാവാവോ’ എന്ന മലയാളം പാട്ടാണെന്ന് ആലിയ ഭട്ട് വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

റാഹയെ പരിചരിക്കുന്ന സ്ത്രീ വന്നപ്പോൾ മുതൽ ഈ താരാട്ടുപാട്ടാണ് മകൾക്ക്  പാടിക്കൊടുക്കുന്നതെന്നും അതിനാൽ തന്നെ ഇപ്പോൾ റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മമ്മ വാവോ, പാപാ വാവോ എന്നു പറഞ്ഞ് ഉറങ്ങണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ആലിയ ഭട്ട് പറയുന്നു. മകൾക്ക് പ്രിയപ്പെട്ട താരാട്ട് പാട്ടായതിനാൽ അവളെ ഉറക്കാനായി രൺബീർ കപൂർ ഈ താരാട്ടുപാട്ട് പഠിച്ചെന്നും ആലിയ വെളിപ്പെടുത്തിയിരുന്നു.

ആലിയയുടെ ഈ വെളിപ്പെടുത്തൽ മലയാളികളും ആഘോഷിക്കുകയാണ്. മലയാളത്തിൽ പ്രസിദ്ധമായ താരാട്ടുപാട്ട് കേട്ട് ബോളിവുഡ് താരകുടുംബത്തിലെ കുഞ്ഞ് ഉറങ്ങുന്നുവെന്നത് തന്നെയാണ് ആലിയ ഭട്ടിന്റെ ഈ വീഡിയോ ആ​ഘോഷിക്കപ്പെടാനുള്ള കാരണവും. ജെ പളളശ്ശേരിയുടെ കഥയിൽ സിബി മലയിൽ സംവിധാനം ചെയ്‌ത്‌ 1991 ഡിസംബർ 19ന് പുറത്തിറങ്ങിയ ‘സാന്ത്വനം’ എന്ന ചിത്രത്തിൽ നെടുമുടി വേണു, ഭാരതി, മീന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയത്. മലയാളത്തിലെ ഏറ്റവും മികച്ച ഉറക്ക് പാട്ടുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന “ഉണ്ണി വാവാവോ” എന്ന ഗാനത്തിലൂടെ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് മോഹൻ സിത്താരയാണ് ശങ്കരാഭരണം രാഗത്തിൽ ഈ പാട്ടിനു സംഗീതം ഒരുക്കിയത്.