
സോഷ്യല്‍ മീഡിയയിൽ കൂടി പ്രചരിക്കുന്ന വിമര്‍ശനങ്ങള്‍ക്കിടെ നടി നിഖില വിമലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നടി ഐശ്വര്യ ലക്ഷ്മി. അഭിമുഖങ്ങളിലെ നിഖിലയുടെ കുറിക്കു കൊള്ളുന്ന മറുപടികളുടെ പേരിലാണ് താരം വിമര്‍ശനങ്ങള്‍ നേരിടുന്നത്. നിഖിലയ്ക്ക് അഹങ്കാരമാണെന്നും മാന്യമായി മറുപടി നല്‍കാതെ തറുതല പറയുകയാണെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം.
താരത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്. ഇതിനിടെ നടി ഗൗതമി നായരുടെ കുറിപ്പും വൈറലായി മാറിയിരുന്നു. അഭിമുഖങ്ങളില്‍ മാന്യമായി സംസാരിക്കുന്നതിനെക്കുറിച്ചായിരുന്നു ഗൗതമി നായരുടെ കുറിപ്പ്. നിഖില വിമലിന്റെ പേര് പരാമര്‍ശിക്കപ്പെട്ടില്ലെങ്കിലും ഗൗതമി നായരുടെ ഉന്നം നിഖില വിമൽ തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടി ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണവും. ‘ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല’ എന്ന നിഖിലയുടെ വാക്കുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. അഭിപ്രായങ്ങള്‍ പറയുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ പ്രശ്‌നമാണ് നിഖില വിമലിനോടുള്ള എതിര്‍പ്പിന് കാരണം എന്നാണ് ഐശ്വര്യ ലക്ഷ്മിയുടെ വിലയിരുത്തല്‍.
‘അവൾ തന്റെ മനസിലുള്ളതു പോലെ സംസാരിക്കുന്നുവെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്‌നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ചു തന്ന സമൂഹത്തിനും മീഡിയയ്ക്കും നന്ദി. നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ. നീ എന്റര്‍ടെയ്‌നിംഗ് ആണ്, സ്മാര്‍ട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചത് തന്നെ നീ നല്‍കുന്നുണ്ട്.” എന്നാണ് ഐശ്വര്യ ലക്ഷ്മി കുറിച്ചിരിക്കുന്നത്.
അതുപോലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ നിഖില വിമലിനെ വിമര്‍ശിക്കുന്നവരും അനുകൂലിക്കുന്നവരെന്നും രണ്ടായി തിരിഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് ഗൗതമി നായരുടെ പോസ്റ്റ് വൈറലായി മാറുന്നത്. ”ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ റിപ്പോര്‍ട്ടര്‍മാരോട് മോശമായി പെരുമാറുന്ന ആര്‍ട്ടിസ്റ്റുകളുടെ അഭിമുഖങ്ങള്‍ നിരവധിയായി കാണുന്നു. മീഡിയ അവരുടെ ജോലിയാണ് ചെയ്യുന്നത്. മറുപടി കിട്ടുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ ചോദിക്കു്‌നനത്. ഇങ്ങനെ അഹങ്കരിക്കാന്‍ ഇവിടെ ആര്‍ക്കും ഓസ്‌കാര്‍ ഒന്നും കിട്ടിയിട്ടില്ല” എന്നായിരുന്നു ഗൗതമിയുടെ കുറിപ്പ്.
എന്നാല്‍ ഈയൊരു സംഭവം വിവാദമായി മാറിയതോടെ ഗൗതമി നായർ ഈ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു. . പ്രസ്തുത പോസ്റ്റ് താരം പിന്നീട് പിന്‍വലിച്ചുവെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പക്ഷെ ഗൗതമി നായരുടെ സോഷ്യൽ മീഡിയ കുറിപ്പിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇവര്‍ നിഖിലയുടെ മാത്രം ആണോ ഇന്റര്‍വ്യൂസ് കാണുന്നത് ?ഇതിലും മോശം രീതിയില്‍ മറുപടി കൊടുക്കുന്ന, ഒരു ബന്ധവും ഇല്ലാത്ത കോപ്രായങ്ങള്‍ കാണിക്കുന്ന കുറെ പേരുണ്ട്, ഇന്റര്‍വ്യൂ ചെയുന്ന ആളെ തെറി വിളിക്കുക വേറെ എന്തേലും ഒക്കെ പറയുക, അതൊന്നും ഇവര്‍ കാണുന്നില്ലേ ?. അതോ എല്ലാരും നിഖിലയെ പറയുമ്പോ ഞാനും വലിയ പ്രസ്താവന പറഞ്ഞു മാസ്സ് ആവാം എന്നാണോ? നിഖില കുറച്ചു ഓവര്‍ ആയി റിപ്ലൈ കൊടുക്കും എന്നത് ഒഴിച്ച് ഇമ്മാതിരി കോപ്രായം, തെറി വിളി, അപമാനിക്കൽ ഇതൊന്നും അവർ ചെയ്യുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല’ എന്നാണ് സോഷ്യല്‍ മീഡിയയിൽ ഒരാള്‍ കുറിച്ചിരിക്കുന്നത്.
നിഖില വിമലിന്റെ പ്രതികരണങ്ങള്‍ ബോധപൂര്‍വ്വം, വൈറലാകാന്‍ വേണ്ടി മണ്ടത്തരങ്ങള്‍ ചോദിക്കുന്ന മീഡിയയെ തുറന്നു കാണിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. സമാനമായ രീതിയില്‍ മറുപടി പറയുന്ന പൃഥ്വിരാജിനെ പോലുള്ളവരെ ആഘോഷിക്കുകയും നിഖിലയെ തറുതലക്കാരിയാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
‘ആ മറുപടികളെ ബഹുമാനമില്ലായിമ ആയി പറയുന്നവര്‍ ഇതേ ഇന്‍ഡസ്ട്രിയില്‍ ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് ഡബിള്‍ മീനിങ് തമാശകളും അശ്ലീലങ്ങളും പറയുന്ന ‘സ്വഭാവ’ നടന്മാരെ ചിരിച്ചു കൊണ്ട് കണ്ണടച്ച് വിടുന്നതും ഇവിടെ നടക്കുന്ന കാര്യമാണ്. ഈ നാട്ടില്‍ വിരലില്‍ എണ്ണാവുന്ന മീഡിയ ഒഴികെ ആരൊക്കെ ആണ് അവരുടെ ആ ‘ജോലി’ വേണ്ടവിധത്തില്‍ ചെയ്യുന്നത്. കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി എന്തും കണ്ടന്റ് ആക്കുകയും ഇന്റര്‍വ്യൂവിനിടയില്‍ ആരുടെയെങ്കിലും വായില്‍ നിന്നൊരു മണ്ടത്തരം വന്നാല്‍ അതും പബ്ലിഷ് ചെയ്യുന്ന മീഡിയ തിരിച്ചും അനാദരവ് തന്നെ അല്ലെ കാണിക്കുന്നത്. അതിനെതിരെ ഇങ്ങനെ എത്ര പ്രമുഖര്‍ പ്രതികരിച്ചു കണ്ടു എന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.











