
പകർന്നാട്ടങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയം തീർത്ത മലയാള സിനിമയുടെ കാരണവർ മാധവൻ നായരെന്ന മധുവിന് ഇന്ന് തൊണ്ണുറ്റിയൊന്നാം പിറന്നാൾ മധുരം.
ആറുപതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ തന്റേതായ ഇടം കണ്ടെത്താത്ത മേഖലകൾ ഒന്നും തന്നെയില്ല. നടൻ, സംവിധായകൻ, നിർമാതാവ്…അങ്ങനെ നീണ്ടുപോകുന്നു സിനിമയിൽ മധുവെന്ന ഇതിഹാസം. ഇപ്പോൾ നടൻ മധുവിന് പിറന്നാൾ ആശംസകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും മധ്യവിന്റെ വീട്ടിൽ എത്തി . ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിൽ സുരേഷ് ഗോപിയും ഭാര്യ രാധികയും ജന്മദിനാശംസകൾ നേരാൻ നേരിട്ടെത്തിയത് . ഏറെ നേരം മധുവിനും കുടുംബത്തിനുമൊപ്പം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

കേന്ദ്രമന്ത്രിയായതിനുശേഷം ഇതാദ്യമായാണ് സുരേഷ് ഗോപി മലയാളത്തിന്റെ മഹാനടനെ നേരില്‍ കാണുന്നത്. സ്നേഹോപഹാരമായി മധു, സുരേഷ് ഗോപിക്ക് ഒരു സ്വർണ മോതിരം സമ്മാനിക്കുകയുണ്ടായി.

എന്നാൽ മലയാളത്തിന്റെ പ്രിയ നടന് ആശംസകൾ നേർന്ന് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയതാരങ്ങളുമെത്തിയിരുന്നു . പ്രിയപ്പെട്ട മധു സാറിന് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ എന്നാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മാത്രമല്ല പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ വെബ്‌സൈറ്റും മോഹൻലാൽ പങ്കുവെച്ചു. ഈ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ പുതിയ വെബ്‌സൈറ്റ് സ്നേഹപൂർവ്വം നിങ്ങളുമായി പങ്കുവെയ്ക്കുന്നു. അദ്ദേഹത്തിന്റെ ജീവിത യാത്രയിലെ തിളക്കമാർന്ന മുഹൂര്തങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ വെബ്‌സൈറ്റ് എന്നും മോഹൻലാൽ കുറിച്ചു. “ഹാപ്പി ബര്ത്ഡേ മൈ സൂപ്പർ സ്റ്റാർ” എന്നാണ് മമ്മൂട്ടി മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി കുറിച്ചത് .











