പ്രഭാസ് , അല്ലു അർജുൻ, ചിരഞ്ജീവി പട്ടികയിൽ ഇപ്പോൾ ബാലയ്യയും ; പ്രതിഫലം കുത്തനെ കൂട്ടി സൂപ്പർതാരം 

ടോളിവുഡിലെ ഏറ്റവും വിവാദ നടന്മാരില്‍ ഒരാളാണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ . എന്നാല്‍ അതേ സമയം ഏറ്റവും ജനപ്രിയനായ താരം കൂടിയാണ് അദ്ദേഹം. താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അഖണ്ഡ’യുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. ഇതിനിടെ ബാലയ്യ ഈ ചിത്രത്തിന് ഈടാക്കുന്ന പ്രതിഫലം സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

നന്ദമുരി ബാലകൃഷ്ണയുടെ 110-ാം ചിത്രമാണ് ഇത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ബജറ്റ് 150 കോടിയായിരിക്കും. ഇതില്‍ 20 ശതമാനവും ബാലയ്യയുടെ പ്രതിഫലമാണ് എന്നാണ് വിവരം. അതായത് ഏകദേശം 30 കോടി രൂപയോളമാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത് ബാലയ്യ ഈടാക്കുക. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത് എന്നാണ് വിവരം. തന്റെ മുന്‍ചിത്രത്തേക്കാള്‍ 66 ശതമാനം കൂടുതലാണ് ഇത്. എന്നാൽ ബാലകൃഷ്ണയുടെ ഡിമാന്റ് നിര്‍മാതാക്കള്‍ എതിര്‍പ്പുകളൊന്നും കൂടാതെ അംഗീകരിക്കുകയായിരുന്നു.

‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന് താരം 18 കോടിയും ‘എന്‍ബികെ 109’ ന് 20 കോടിയും ആണ് താരം ഈടാക്കിയിരുന്നത്. അഖണ്ഡ 2 ലെ പ്രതിഫലം 30 കോടിയാക്കി ഉയര്‍ത്തിയതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ആദ്യ 10 തെലുങ്ക് അഭിനേതാക്കളുടെ പട്ടികയിലും ബാലയ്യ പ്രേവേശിച്ചിരിക്കുകയാണ് . 25 കോടി രൂപ ഒരു സിനിമയ്ക്ക് ഈടാക്കിയിരുന്ന ‘നാനി’യെ ആണ് ബാലകൃഷ്ണ മറികടന്നത്. എന്നാൽ ഒരു സിനിമക്ക് 27-45 കോടി രൂപ പ്രതിഫലം വാങ്ങുന്ന വിജയ് ദേവരകൊണ്ടയ്ക്ക് താഴെയാണ് ബാലയ്യ.

പട്ടികയില്‍ പ്രഭാസ് ആണ് ഒന്നാം സ്ഥാനത്ത്. അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, മഹേഷ് ബാബു, ചിരഞ്ജീവി , പവന്‍ കല്യാണ്‍ എന്നിവരാണ് പട്ടികയില്‍ മുന്‍നിരക്കാര്‍.  അതേസമയം ‘അഖണ്ഡ 1’ ന് ശേഷം ബാലകൃഷ്ണ അദ്ദേഹത്തിന്റെ പ്രതിഫലം കൂട്ടിയിരുന്നു. പത്തു കോടി ആയിരുന്നു ബാലകൃഷ്ണയുടെ പ്രതിഫലം. എന്നാൽ ‘അഖണ്ഡ’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അത് ഇരട്ടിയാക്കുകയായിരുന്നു.

നിലവില്‍ ബോബി സംവിധാനം ചെയ്യുന്ന ‘എന്‍ബികെ 109’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹം. ഇടവേളകളില്ലാതെ സിനിമ ചെയ്യുന്ന താരങ്ങളിലൊരാണ് ബാലകൃഷ്ണ. അദ്ദേഹത്തിന്റെ അവസാന മൂന്ന് ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളായിരുന്നു. ബോക്സ്ഓഫീസിൽ വമ്പന്‍ ബ്ലോക്ക്ബസ്റ്ററായ ‘അഖണ്ഡ’ എന്ന ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയാണ് അഖണ്ഡ 2. തുടര്‍ച്ചയായ ഫ്‌ലോപ്പുകള്‍ക്ക് ശേഷം ബാലയ്യയെ തെലുങ്ക് സിനിമയിലേക്ക് തിരികെ കൊണ്ടുവന്നത് അഖണ്ഡയായിരുന്നു.

ബോയപതിയുമായി ബാലയ്യ ഒന്നിച്ചപ്പോഴെല്ലാം വമ്പന്‍ ഹിറ്റുകള്‍ മാത്രമേ പിറന്നിട്ടുള്ളൂ എന്നതിനാല്‍ ഈ ചിത്രത്തെ ആരാധകരും പ്രതീക്ഷയോടെയാണ് കാണുന്നത്. അതേസമയം എന്‍ ടി രാമറാവുവിന്റെ മകന്‍ എന്ന നിലയില്‍ കരിയര്‍ തുടങ്ങിയ നന്ദമുരി ബാലകൃഷ്ണ, ബാലയ്യ എന്നാണ് അറിയപ്പെടുന്നത്. പല തരത്തിലുള്ള നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ശരിക്കും വിവാദ നായകനായിട്ടാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലെ ചില സീനുകള്‍ ട്രോളന്മാര്‍ ഏറ്റെടുക്കുന്നത് പതിവാണ്. അതുപോലെ വിവാദമുണ്ടാക്കുന്ന പ്രസ്താവനകളും പ്രവൃത്തികളുമൊക്കെ ബാലയ്യയെ വാര്‍ത്തകളില്‍ നിറച്ചു. പൊതുവിടങ്ങളിലെ വിവാദ പെരുമാറ്റത്തിന്റ പേരിലും അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.