എത്ര സുന്ദരനായിരുന്നു; പി ജയചന്ദ്രന്റെ പുതിയ ലുക്ക് വിശ്വസിക്കാനാവാതെ ആരാധകർ

ഭാവഗായകൻ എന്ന് മലയാളികൾ ഏറെ സ്നേഹത്തോടെ വിളിക്കുന്ന ഗായകനാണ് പി ജയചന്ദ്രൻ. നിരവധി അനവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദമാധുരിയിൽ പിറന്നു വീണു. നമ്മളൊക്കെ പ്രേമാതുരമായി പാടുന്ന മിക്ക മലയാള പാട്ടുകളും പി ജയചന്ദ്രൻ പാടി പാടി നമ്മുടെ മനസ്സിൽ പതിഞ്ഞവയാണ്.

‘ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ?’, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, ആലിലത്താലിയുമായ് വരൂ നീ തിങ്കളെ ഇതിലെ ഇതിലെ…. അങ്ങനെ എത്രയെത്ര ഗാനങ്ങൾ.

ഇപ്പോഴിതാ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു വീഡിയോയും ആ വീഡിയോയ്ക്ക് കീഴിൽ പി ജയചന്ദ്രന്റെ പാട്ടുകളെയും ഗായകനേയും സ്നേഹിക്കുന്നവർ കുറിച്ച കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്.

വീഡിയോ പങ്കുവെച്ച് ബി.കെ ഹരിനാരായണൻ കുറിച്ചത് ഇങ്ങനെയാണ്… “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജയട്ടനോട് അടുത്തുനിൽക്കുന്നവർ എല്ലാരും അഭിമുഖീകരിച്ച ഒരു ചോദ്യമായിരുന്നു. അല്ല ജയേട്ടൻ… ആശുപത്രീലാണല്ലെ… സീരിയസ്സാന്നൊക്കെ..? ഉടൻ നമ്മൾ പരിഭ്രമിച്ച് ജയേട്ടൻ്റെയോ മനോഹരേട്ടൻ്റേയോ നമ്പറിലേക്ക് വിളിക്കുമ്പോൾ അറിയും… ജയേട്ടൻ വീട്ടിൽ തന്നെയുണ്ട് പ്രശ്നമൊന്നുമില്ല. ആ സമയത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു ജയേട്ടന്. പ്രായത്തിൻ്റേതായ ബുദ്ധിമുട്ടുകളും. പുറത്തറങ്ങിയിരുന്നില്ല. വിശ്രമത്തിലുമായിരുന്നു. ആരുടേയും ഫോണും എടുത്തിരുന്നില്ല. എന്നാൽ അത് ഈ പറയുന്നരീതിയിൽ ഗുരുതരാവസ്ഥയിലുമായിരുന്നില്ല. ഈ അനുഭവം ജയേട്ടനോട് അടുത്ത് നിൽക്കുന്ന പലർക്കും ഉണ്ടായിട്ടുണ്ടാവും. അവരെ വിളിക്കുന്നത് ജയേട്ടനോട് അത്രമേൽ ഇഷ്ടമുള്ളവരായിരിക്കും അല്ലങ്കിൽ മാധ്യമപ്രവർത്തകരായിരിക്കും. ആയിടയ്ക്കാണ് ജയേട്ടൻ വളരെ ക്രിട്ടിക്കലാണെന്ന ഒരു വാർത്ത സോഷ്യൽ മീഡിയ വഴി പരക്കുന്നത്. ആ ദിവസം പങ്കജാക്ഷേട്ടനൊപ്പം ജയേട്ടനെ വീട്ടിൽ പോയി കണ്ടു. ക്ഷീണമുണ്ട് പക്ഷെ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല. ഈ വാർത്ത ഇങ്ങനെ പരക്കുന്നതിലെ വിഷമം സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. അതോടൊപ്പം വീണ്ടും പാടണം എന്ന ആഗ്രഹവും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് നടന്നു. ബാലുച്ചേട്ടനിലൂടെ… എന്നാണ് ബി.കെ ഹരിനാരായണൻ കുറിച്ചത്”.

ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി പി.ജയചന്ദ്രനെ കഴിഞ്ഞ ദിവസം ഹരിനാരായണൻ അഭിമുഖം ചെയ്തിരുന്നു.  അവിടെ വെച്ച് പകർത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹ​മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ബി.കെ ഹരിനാരായണൻ പങ്കിട്ട പുതിയ വീഡിയോ വൈറലായതോടെ പി.ജയചന്ദ്രനെ ആരോ​ഗ്യം ക്ഷയിച്ച അവസ്ഥതയിൽ കാണേണ്ടി വരുന്നതിന്റെ വേദനയാണ് സം​ഗീതപ്രേമികൾ കമന്റിലൂടെ പങ്കിട്ടത്.

‘ആ മീശയൊക്കെ പിരിച്ചുവെച്ച ഗൗരവമുള്ള ആ മുഖം അത് അങ്ങിനെ തന്നെ മനസിൽ നിൽക്കട്ടെ, ഈ അടുത്ത് ഒരു റീൽ വീഡിയോ കണ്ടിരുന്നു. ഒരു സ്റ്റേജ് ഷോയിൽ മീശ പിരിച്ചുവെച്ച് ‘എന്തേ ഇന്നും വന്നീല’ എന്ന ​ഗാനം പാടുന്നത്. ഇപ്പോൾ‌ ഈ വീഡിയോ ലാസ്റ്റ് മൊമെന്റ് വരെ കണ്ടപ്പോഴാണ് പുള്ളി തന്നെയാണ് വീഡിയോയിൽ ഉള്ളതെന്ന് വിശ്വാസം വന്നത്. പുള്ളിക്ക് മാത്രം അല്ല നമുക്കും പ്രായമായിതുടങ്ങി എന്നുള്ളതിനുള്ള ഓർമപ്പെടുതലായിരിക്കാം ഇതൊക്കെ, ആള് നന്നായ് മാറിട്ടുണ്ട്, എത്ര സുന്ദരനായിരുന്നു ഐശ്വര്യമായിരുന്നു ആ മുഖത്ത്. വാർധക്യം അത് മായ്ച്ച് കളഞ്ഞു. പക്ഷെ അദ്ദേഹം പാടിവെച്ച വരികളെ ഒരിക്കലും വാർധക്യത്തിന് മായ്ക്കാൻ പറ്റില്ല‌. ഇത് അദ്ദേഹം ആണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, ഇങ്ങനെ കാണാൻ തോന്നുന്നില്ല. എത്ര സുന്ദരൻ ആയിരുന്നു, വല്ലാത്ത ഒരു വിഷമം… എത്രയോ പാട്ടുകൾ നമുക്കായ് പാടിയ സാറിന് ഈശ്വരൻ ആരോഗ്യവും സന്തോഷവും നൽകാൻ പ്രാർത്ഥിക്കാം എന്നിങ്ങനെ എല്ലാമാണ് ആരാധകർ പ്രിയ ​ഗായകനെ കുറിച്ച് കുറിച്ചത്.

അതേസമയം ഒരാഴ്ച മുമ്പ് തൃശൂരിൽ കുട്ടനെല്ലൂർ സാംസ്കാരിക സംഗീത കാരുണ്യ വേദി സംഘടിപ്പിച്ച പരിപാടിയിൽ ‘മോഹം കൊണ്ടു ഞാൻ….. എന്ന ഗാനം പി ജയചന്ദ്രൻ വീണ്ടും ആലപിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ജോൺസൺ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുന്നതിന് ഇടയിലാണ് ഈ ഗാനം അനുഗ്രഹീത ഗായകൻ ആലപിച്ചത്.