
മമ്മൂട്ടി നായകൻ ആയെത്തിയ ഭീഷ്മപർവത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്ന്‍വില്ല’ കഴിഞ്ഞ ദിവസം മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. മികച്ച പ്രതികരണമാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവായി പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ജ്യോതിർമയിയുടെ പ്രകടനമാണ്.
റീത്തുവെന്ന സങ്കീർണമായ കഥാപാത്രത്തെ ജ്യോതിർമയി ഗംഭീരമാക്കിയെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായങ്ങൾ. തുടർന്നും സിനിമ ചെയ്യണമെന്നും നടിയോട് പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. അമൽ നീരദുമായുള്ള വിവാഹ ശേഷമാണ് ജ്യോതിർമയി സിനിമകളിൽ നിന്നും ബ്രേക്കെടുത്തത് .
2015ൽ വളരെ ലളിതമായ ചടങ്ങിലൂടെയാണ് ഇരുവരും വിവാഹിതരാവുന്നത് . അമൽ നീരദുമായി ജ്യോതിർമയിയുടെ രണ്ടാം വിവാഹം ആയിരുന്നു. എന്നാൽ പക്ഷെ ഇരുവരും ഇതുവരേയും ഒരു മീഡിയയ്ക്ക് മുമ്പിലും തങ്ങളുടെ പ്രണയ കഥയൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ മലയാളത്തിലെ ഒരു റേഡിയോ മാധ്യമത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ഭർത്താവിനെ കുറിച്ചും മകനെ കുറിച്ചും നടി പങ്കിട്ട വിശേഷങ്ങളാണ് വൈറലാകുന്നത്.
അമൽ നീരദ് എങ്ങനെയാണ് ജ്യോതിർമയിയെ പ്രപ്പോസ് ചെയ്തതെന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെയായിരുന്നു. താനും അമലും സുഹൃത്തുക്കളായിരുന്നു. കോളജ് കാലം തൊട്ട് തനിക്ക് അമലിനെ പരിചയമുണ്ട്. അമലിനെ മാത്രമല്ല അൻവറിനേയും ജയകൃഷ്ണനേയുമെല്ലാം തനിക്ക് കോളജ് കാലം മുതൽ അറിയാം. തങ്ങളുടെ കോളേജ് ചെയർമാനായിരുന്നു അമൽ എന്നും ജ്യോതിർമയി പറയുന്നു.

കോളേജിനു ശേഷം അമൽ ബെർലിനിൽ പഠിക്കാൻ പോയി. അന്നൊന്നും തങ്ങൾ ടച്ചുണ്ടായിരുന്നില്ല, അത് കഴിഞ്ഞ് ബെർലിനിൽ നിന്നും തിരിച്ച് വന്ന് അമൽ ഒരു ആഡ് പ്ലാൻ ചെയ്തിരുന്നു. അമലും സുഹൃത്തുക്കളും ചേർന്ന് ഒരു ആഡ് ചെയ്യാൻ പ്ലാനിട്ടപ്പോൾ ആ സമയത്ത് താൻ ടെലിവിഷനിൽ ചെറുതായി കോംമ്പെയറിങ്ങൊക്കെ ചെയ്യുന്ന സമയമായിരുന്നു. അങ്ങനെ തന്നെ ആ ആഡിനായി അവർ തന്നെ അപ്രോച്ച് ചെയ്തു . മാത്രമല്ല തങ്ങളുടെ വീടുകളും ഏകദേശം ഒരേ സർക്കിളിലായിരുന്നു. അങ്ങനെ തങ്ങൾ ആ പരസ്യം ചെയ്തു. പക്ഷെ അത് അത്ര പോപ്പുലറൊന്നുമായില്ല . എന്നാലും അതുവഴി തങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു. ശേഷം വീണ്ടും തങ്ങൾ രണ്ടുപേരും ഞങ്ങളുടെ വഴിക്ക് പോയി.
പിന്നെ എങ്ങനെയോ അത് സംഭവിക്കുകയായിരുന്നു. എങ്ങനെയാണെന്ന് ചോദിച്ചാൽ തനിക്കും അത് അറിയില്ല എന്നാണ് ജ്യോതിർമയി വ്യക്തമാക്കുന്നത്. പിന്നെ ഒരു കൃത്യമായ പ്രപ്പോസൽ ഒന്നും നടത്തിയിട്ടില്ല. എല്ലായിടത്തും കാണുന്നത് പോലൊരു പ്രപ്പോസിങ് അമൽ ഒരിക്കലും ചെയ്യില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ താൻ അപ്പോൾ തന്നെ നോ പറഞ്ഞേനെ എന്നും ജ്യോതിർമയിപറയുന്നു. അമലിന് അമലിന്റേതായ ഒരു സ്റ്റൈലുണ്ട് എന്നാണ് ജ്യോതിർമയി പറയുന്നത്.
പുതിയ ചിത്രമായ ബോഗയ്ന്‍വില്ലയിൽ തിരിച്ചുവന്നതിനെ പറ്റിയും ജ്യോതിർമയി സംസാരിക്കുന്നു. അമൽ നിർബന്ധിച്ചതിനാലാണ് താൻ ബോഗയ്ന്‍വില്ലയിൽ അഭിനയിച്ചതെന്നും ജ്യോതിർമയി കൂട്ടിച്ചേർത്തു. ആദ്യം സ്റ്റോറി തന്റെ അടുത്ത് പറഞ്ഞ് ജ്യോതി ഈ കഥാപാത്രം ചെയ്യണമെന്ന് അമൽ പറയുകയായിരുന്നു. അത് കേട്ടപ്പോൾ താൻ തന്നെ ചെയ്യണോയെന്നാണ് തിരിച്ച് ചോദിച്ചത്. താൻ കുറേ നാളായി സിനിമയിൽ ഒന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ ജ്യോതിയാണ് തന്റെ ആദ്യത്തെയും അവസാനത്തേയും ചോയിസെന്ന് പറഞ്ഞ് തന്റെ കോൺഫിഡൻസ് അമൽ കൂട്ടിക്കൊണ്ട് വന്നു. അങ്ങനെയാണ് ഈ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്.
പഴയ ജ്യോതിർമയിയിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് ബോഗെയ്ൻവില്ലയിലെ കഥാപാത്രമെന്നും ജ്യോതിർമയി പറയുനു. പിന്നെ തന്റെ മൂന്നര വയസുള്ള മകനെപ്പറ്റിയാണ് ജ്യോതിർമയി സംസാരിക്കുന്നത്. മകനിൽ നിന്നും പഠിച്ച ഒരു കാര്യമെന്താണെന്ന ചോദ്യത്തിന് വന്ന മറുപടി ഇങ്ങനെയായിരുന്നു. ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ റേയുടെ കംപ്ലീറ്റ് ഫോക്കസ് അതിൽ തന്നെയാണ്. പുള്ളിയുടെ മനസിൽ ഒരു ആഗ്രഹമുണ്ടെങ്കിൽ നമ്മൾ എത്ര നോ പറഞ്ഞാലും ആള് അത് നടത്തിയെടുക്കും.
സിനിമകളില്ലാത്തപ്പോൾ മോന്റെ കൂടെ തങ്ങൾ ഒരുപാട് സമയം സ്പെന്റ് ചെയ്യും. ട്രാവൽ ചെയ്യും കുക്ക് ചെയ്യും. കൊവിഡ് സമയത്ത് തങ്ങൾ എല്ലാവരും ഒരുമിച്ച് ഒരു ജോയിന്റ് ഫാമിലി പോലെയായിരുന്നു. ആ സമയങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഒരുപാട് സംസാരിക്കുമായിരുന്നു എന്നും ജ്യോതിർമയി പറയുന്നു.
2004 സെപ്റ്റംബറിൽ നിഷാന്ത് കുമാറിനെയാണ് ജ്യോതിര്‍മയി ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം ഏഴ് വര്‍ഷം മാത്രമേ നീണ്ടു നിന്നുള്ളൂ. 2011 ഇരുവരും വിവാഹമോചിതരായി . നിഷാന്തുമായി ഒത്തു പോകാന്‍ സാധിക്കാതെ വന്നതോടെ ഈ ബന്ധം പിരിയുകയായിരുന്നു. കോടതിയില്‍ ഇരുവരും ഒന്നിച്ചാണ് വിവാഹ മോചനത്തിനായി ഹര്‍ജി നല്‍കിയത്.
അതേസമയം ജ്യോതിർമയിയുടെ ആദ്യ ചിത്രം 2000ൽ പുറത്തിറങ്ങിയ ‘പൈലറ്റ്സ്’ ആണ്. ജ്യോതിർമയിയുടെ മൂന്നാമത്തെ ചിത്രമായ 2002ൽ പുറത്തിറങ്ങിയ ‘ഭവ’ത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡ് വേളയിൽ പ്രത്യേക പരാമർശത്തിനും ജ്യോതിര്മയിയെ അര്ഹയാക്കി. പിന്നാലെ ‘മീശ മാധവൻ, കല്യാണരാമൻ, എൻ്റെ വീട് അപ്പുവിൻ്റെയും’ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജ്യോതിർമയി വേഷമിട്ടു. 2004-ൽ ആദ്യ വിവാഹ ശേഷവും ജ്യോതിർമയി അഭിനയം തുടർന്നു, 2011-ൽ വിവാഹ മോചനത്തിന് ശേഷവും സിനിമകളിൽ അതേ അഭിനിവേശവും പ്രതിബദ്ധതയും ജ്യോതിർമയി നിലനിർത്തി. ഇക്കാലയളവിൽ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ജ്യോതിർമയി അഭിനയിച്ചു.
പിന്നീട് 2013 മുതൽ സിനിമയിൽ നിന്നും ജ്യോതിർമയി ഇടവേള എടുത്തു. ഈ ഇടവേളയിൽ 2015-ൽ ഛായാഗ്രാഹകനും സംവിധായകനുമായ അമൽ നീരദിനെ ജ്യോതിർമയി വിവാഹം കഴിച്ചു. ഇപ്പോൾ, 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം, അമൽ നീരദ് തന്നെ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ജ്യോതിർമയി ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കായി എറണാകുളം മഹാരാജാസ് കോളേജിൽ എത്തിയപ്പോൾ തന്റെ ഭർത്താവ്പണ്ട് ഇവിടെ ചെയർമാൻ ആയിരുന്നു താൻ അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടുണ്ട് എന്നും ഓർമ്മകൾ പങ്കുവച്ചുകൊണ്ട് ജ്യോതിർമയി പറഞ്ഞിരുന്നു.
മഹാരാജാസിൽ പഠിക്കുന്ന സമയത്ത് തങ്ങൾക്കെല്ലാവർക്കും അമലിനെക്കുറിച്ച് ഒരു ചേട്ടൻ, ഒരു ബിഗ് മാൻ എന്ന ആദരവായിരുന്നു. എപ്പോഴും കലാപരിപാടികളും മറ്റുമായി ഒരു ആഘോഷമായിരുന്നു മഹാരാജാസ് കാലം. പെയിന്റിങ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു താൻ. ആ രീതിയിൽ അമലിന് തന്നെ അറിയാമായിരുന്നു എന്നും മുൻപൊരിക്കൽ ജ്യോതിർമയി പറഞ്ഞിട്ടുണ്ട്. അമലിന്റെ കൂടെ നിൽക്കുമ്പോൾ താൻ വളരെ റിലാക്സ്ഡ് ആണ് അമലിന്റെ സാമീപ്യം ഒരു തണൽ വൃക്ഷം പോലെയാണ് തനിക്ക് എന്ന് ഒരിക്കൽ ജ്യോതിർമയി പറഞ്ഞിട്ടുണ്ട് .











