ബാല കേരളം ഉപേക്ഷിക്കില്ല ! ബാലയെ വിവാഹം ചെയ്യാനുള്ള കാരണം വ്യക്തമാക്കി കോകില

കുട്ടിക്കാലം മുതൽ തനിക്ക് ബാലയെ വളരെ ഇഷ്ടമായിരുന്നുവെന്ന് പറയുകയാണ് കോകില ഇപ്പോൾ. വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും .

കോകിലയുടെ വാക്കുകൾ ; ‘ചെറിയ പ്രായം മുതലേ ബാലയെ തനിക്ക് ഇഷ്ടമായിരുന്നു, ഞാൻ ചെന്നൈയിലായിരുന്നു. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാൻ എഴുതി വച്ചിട്ടുണ്ട് വീട്ടിൽ എന്നാണ് കോകില പറഞ്ഞത്.

ബാല കോകിലയെ കുറിച്ച് ; ‘അവളുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ എന്നിൽ ഞെട്ടലാണ് ഉണ്ടാക്കിയത്. വർഷങ്ങളായി മനസിൽ കൊണ്ടു നടക്കുന്ന ഇഷ്ടമാണ്. ആ ഡയറി വായിച്ചപ്പോഴാണ് എനിക്കത് മനസിലായത്. എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് മനസിലാക്കി. ആ ഡയറി ഒരിക്കലും കള്ളമല്ല. അതിൽ ആത്മാർത്ഥതയുണ്ട് എന്ന് ബാലയും പറഞ്ഞു. ചെറുപ്പം മുതലേ ഞാന്‍ കണ്ടുവളര്‍ന്നതാണ് അവളെ. എല്ലാവരും സന്തോഷമായിരിക്കണം. ആരുടേയും പേരെടുത്ത് പറയുന്നില്ലയെന്നും 99 പേര്‍ക്ക് നല്ലതുചെയ്തിട്ട് ഒരാള്‍ കുറ്റപ്പെടുത്തിയാല്‍ ശരിയല്ല. കാലം കടന്നുപോവുന്തോറും പക്വത വരും. ചെന്നൈയിലേക്ക് താമസം മാറുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലയെന്നും ബാല വ്യക്തമാക്കി. കേരളം വലിയ ഇഷ്ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂര്‍ണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. അമ്മയോട് ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സന്തോഷവതിയാണ് എന്നുമാണ് ബാല പറയുന്നത്’.

എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹത്തിന്റെ ചടങ്ങുകൾ. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വാർധക്യ സഹജമായ ആരോ​ഗ്യ പ്രശ്നങ്ങളുള്ളതിനാൽ ബാലയുടെ അമ്മയ്ക്ക് പങ്കെടുക്കാനായിരുന്നില്ല.

മൂന്നാം ഭാര്യ എലിസബത്തുമായി പിരിഞ്ഞതിന് പിന്നാലെ തന്റെ നാട്ടിലേക്ക് ബാല ഒരു യാത്ര നടത്തിയിരുന്നു. അന്നാണ് ആദ്യമായി ബാല തന്റെ മാമന്റെ മകൾ കൂടിയായ കോകിലയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. നാട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ആയിരുന്നു കോകിലയെ കുറിച്ച് പറഞ്ഞത്. ഇത് എന്റെ മുറപ്പെണ്ണുണ്ടാക്കിയ ഭക്ഷണമാണ്, മൂന്ന് വയസ് മുതൽ ഇവളെ ഞാൻ എടുത്ത് നടന്നതാണ് എന്നാണ് ബാല പറഞ്ഞത്. ഇതിന് പിന്നാലെ വീണ്ടും കോകിലയെ ചേർത്ത് പിടിച്ചുകൊണ്ട് മറ്റൊരു ഫോട്ടോ ബാല പങ്കുവെച്ചു. എൻ്റെ ത്യാഗങ്ങൾ ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി അതിനെ പരിഗണിക്കുക. 16 വർഷത്തിനു ശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു . അതിനർത്ഥം ഞാൻ എന്റെ ഭൂതകാലം മറന്നുവെന്നല്ല’, എന്ന വാക്കുകളോടെയായിരുന്നു ആ ഫോട്ടോ പങ്കുവെച്ചത്.

ഇതോടെ ഇരുവരുടേയും വിവാഹം കഴിഞ്ഞോയെന്ന തരത്തിൽ ചോദ്യങ്ങൾ ഉയർന്നെങ്കിലും അതിനോടും ബാല പ്രതികരിച്ചിരുന്നില്ല. അടുത്തിടെ ബാലയുടെ മുൻ ഭാര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ബാല ലിവ് ഇൻ റിലേഷനിൽ കഴിയുകയാണെന്ന് ആരോപിച്ചിരുന്നു.