ദുൽഖറിന്റെ മകളുടെ പ്രിയപ്പെട്ട ഹീറോ അല്ലു അർജുൻ  

മലയാളത്തിലെന്നതു പോലെ തെലുങ്കിലെ യുവാതരങ്ങൾക്കിടയിലും തന്റേതായ ഒരു സ്ഥാനം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാൻ നേടിയെടുത്തിട്ടുണ്ട്. ഇനി കൂടുതൽ സിനിമകൾ മലയാളത്തിൽ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ തെലുങ്ക് ചിത്രം സിനിമ ലക്കി ഭാസ്കറിന്റെ പ്രമോഷന് എത്തിയപ്പോൾ ദുൽഖർ സൽമാൻ പറഞ്ഞിരുന്നു.

ദുൽഖർ സൽമാൻ നായകൻ ആയെത്തുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നിരുന്നു. തെലുങ്കിലെ മുൻ താരങ്ങളും സംവിധായകരുമെല്ലാം ദുൽഖറിനും ടീമിനും ആശംസകൾ നേരാനും ചടങ്ങിൽ പങ്കെടുക്കാനുമായി എത്തിയിരുന്നു.

വിജയ് ദേവരകൊണ്ട, സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് എന്നിവരാണ് അവരിൽ പ്രധാനികൾ. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ത്രിവിക്രം ശ്രീനിവാസിന്റെ അല വൈകുണ്ഠപുരമലു സിനിമയെ കുറിച്ചും അല്ലു അർജുനെ കുറിച്ചും ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്റെ മകൾ മറിയത്തിന് ഏറ്റവും പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ എന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. ഞാൻ അല വൈകുണ്ഠപുരമലു സിനിമ കണ്ടിരുന്നു. എന്റെ ഫേവറേറ്റ് സിനിമകളിൽ ഒന്നാണത്. എന്റെ മകൾ അല്ലു അർജുന്റെ വലിയ ആരാധികയാണ്. ഒരിക്കൽ എന്നോട് ചോ​ദിച്ചിരുന്നു… അല്ലു അർജുനെ അറിയാമോയെന്ന്. ആ ചോദ്യം മകളിൽ നിന്നും കേട്ടപ്പോൾ നടൻ എന്നതിൽ നിന്നും മാറി പെട്ടന്ന് ഞാനൊരു പിതാവായി മാറി എന്നും ദുൽഖർ സൽമാൻ പറഞ്ഞു.

അല്ലു അർ‌‍ജുനെ കാണാനും സംസാരിക്കാനും സാധിച്ചാൽ നിനക്കും അദ്ദേഹത്തെ കാണാനുള്ള അവസരം ഉണ്ടാക്കുമെന്ന് ശേഷം താൻ പറഞ്ഞു എന്നും ദുൽഖർ സൽമാൻ പറയുന്നു. തന്റെ കുടുംബത്തിൽ അദ്ദേഹത്തിന് നിരവധി ആരാധകരുണ്ടെന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്.

വീട്ടിൽ ഇന്ത്യൻ സിനിമ കണ്ട മഹാനടൻ മമ്മൂട്ടി വരെയുണ്ടായിട്ടും മറിയത്തിന്റെ ഹൃദയം കീഴടക്കിയത് അല്ലു അർജുനാണെന്ന് ദുൽഖറിന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ കരഘോഷവും ആർപ്പ് വിളികളും ഉയർന്നു. അതേസമയം തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുടെ പാൻ ഇന്ത്യൻ തലത്തിലുള്ള വളർച്ച സിനിമാ ലോകം കൗതുകത്തോടെയാണ് ഇപ്പോൾ നോക്കി നോക്കുന്നത്.

ഒരു കാലത്ത് സ്ത്രീ വിരുദ്ധതയുടെയും യഥാർത്ഥ്യത്തിന് നിരക്കാത്ത കഥകളുടെയും ഒക്കെ പേരിൽ ഏറ്റവും കൂടുതൽ പഴി കേട്ടതാണ് ടോളിവുഡും ടോളിവുഡിലെ താരങ്ങളും. ഇന്നും ഈ വിമർശനം നിലനിൽക്കുന്നുണ്ടെങ്കിൽ പോലും കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരുന്ന സിനിമകളുടെ പണിപ്പുരയായി തെലുങ്ക് സിനിമാ ലോകം മാറിയിട്ടുണ്ട്.

ജൂനിയർ എൻടിആർ, പ്രഭാസ്, രാം ചരൺ, അല്ലു അർജുൻ എന്നീ തെലുങ്ക് സിനിമാ താരങ്ങൾക്കാണ് പാൻ ഇന്ത്യൻ തലത്തിൽ ഏറ്റവും വലിയ സ്വാധീനമുള്ളത്. ഏറെക്കുറെ ഒരേ കാലഘട്ടത്തിൽ സിനിമാ ലോകത്തേക്ക് കടന്ന് വന്നവരാണ് ഇവർ നാല് പേരും.

ബാഹുബലിയിലൂടെ പ്രഭാസ് ആണ് ഇന്ത്യയൊട്ടുക്കും വൻ തരം​ഗം ആദ്യം സൃഷ്ടിച്ചത്. പിന്നീട് ആർആർആറിലൂടെ ജൂനിയർ എൻടിആറും രാം ചരണും ഇതേ വഴിയിലൂടെ താരങ്ങളായി. പുഷ്പയിലൂടെ ഈ ഖ്യാതി അല്ലു അർജുനും ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം ലഭിച്ചിരുന്നു.

എന്നാൽ പക്ഷെ പാൻ ഇന്ത്യൻ താരമാകുന്നതിന് മുമ്പേ തന്നെ അല്ലു അർജുൻ മലയാളികൾക്ക് ഏറെ  പ്രിയങ്കരനാണ്. മലയാളത്തിൽ മൊഴിമാറ്റിയെത്തുന്ന അല്ലു അർജുന്റെ സിനിമകൾ ഒരു കാലത്ത് ഇവിടെ തരംഗമായിരുന്നു. അല്ലു അർജുന്റെ ആര്യ’ എന്ന സിനിമയിലൂടെയാണ് ഈ ട്രെൻഡ് തു‌ടങ്ങിയത്.

2004ൽ ആണ് ആര്യ പുറത്തിറങ്ങിയത് പിന്നീട് വന്ന ബണ്ണി, കൃഷ്ണ, ഹാപ്പി തുടങ്ങിയ സിനിമകളെല്ലാം കേരളത്തിൽ വൻ ഹിറ്റായി മാറി. മല്ലു അർജുൻ എന്ന് ആരാധകർ നടനെ വിളിക്കാൻ തുടങ്ങി. കേരളത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് അല്ലു അർജുനും മുമ്പ് സംസാരിച്ചിട്ടുണ്ട്. ടോളിവുഡിലെ മറ്റാർക്കും കേരളത്തിൽ ഇത്രമാത്രം സ്വാധീനമുണ്ടാക്കാനായിട്ടില്ല.

എന്നാൽ പക്ഷെ  നടൻ അല്ലു അർജുന് ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് ഉളള താരമൂല്യം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പുഷ്പ എന്ന സിനിമയുടെ വിജയത്തിന് ശേഷം അല്ലു അർജുന് ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുണ്ട് എന്നതും ശ്രദ്ധേയമാണ്. മലയാളികളുടെ ദത്തുപുത്രനാണ് അല്ലു അർജുൻ . തെലുങ്കിൽ ഇനി ആരൊക്കെ വന്നാലും കേരളത്തെ സംബന്ധിച്ച് ഇന്നും ജനപ്രിയ തെലുങ്ക് താരം അല്ലു അർജുനാണ്. താരങ്ങളുടെ ആരാധകരും തെലുങ്ക് സിനിമാ ലോകവും ഇതിനോടകം ഇക്കാര്യം ചർച്ചയാക്കിയിട്ടുണ്ട്. റൊമാന്റിക് സിനിമകൾ ചെയ്ത കാലത്താണ് അല്ലു അർജുൻ കേരളത്തിൽ ജനപ്രീതി നേടുന്നത്. മലയാളികൾക്ക് തന്നോടുള്ള സ്നേഹത്തിന്റെ ആഴം അല്ലു അർജുനും അറിയാം. പുഷ്പ 2വാണ് അല്ലു അർജുന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.