മകൾ സിനിമയിലെത്തണമെന്ന് ആഗ്രഹിച്ചിട്ടില്ല, പഠിക്കാൻ മിടുക്കി ആയിരുന്നു, ഒരു താര പുത്രിയുടെ ലേബലിലല്ല അവൾ വളർന്നത്; ഉർവ്വശി  

നടി ഉര്‍വ്വശിയുടെ പാതയിലൂടെ മകള്‍ തേജാലക്ഷ്മിയും അഭിനയത്തിലേക്ക് കടന്നു വരികയാണ്. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകളാണ് തേജാ ലക്ഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വ്വശി തേജാലക്ഷ്മിയെക്കുറിച്ചും മകളുടെ സിനിമാ താല്‍പര്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്.

ഇത്ര മുതിര്‍ന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയാനോ കെല്‍പ്പില്ലാത്ത ആളാണ് താന്‍ എന്നാണ് ഉർവശി പറയുന്നത്. വളര്‍ന്ന രീതി അങ്ങനെയായതു കൊണ്ടാണ് ഇങ്ങനെ ആയതെന്നും ഉർവശി പറയുന്നു. തങ്ങളുടേത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് അമ്മൂമ്മമാരുടെ കാവലില്‍ തങ്ങള്‍ അഞ്ച് സഹോദരങ്ങളും ഒന്നിച്ച് ഉറങ്ങി ശീലിച്ചവരാണ്.

ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു തങ്ങളുടേത് എന്നും ഉർവശി പറയുന്നു. വാതില്‍ അടച്ച് കിടക്കാന്‍ അമ്മ സമ്മതിക്കില്ലായിരുന്നു . പക്ഷെ ഇന്ന് അങ്ങനെയല്ല, അനുവാദം ചോദിക്കാതെ താന്‍ മകളുടെ മുറിയില്‍ കടക്കാറില്ലെന്നാണ് ഉർവശി പറയുന്നത്. മകൾ ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടക്കുമെന്നും ഉർവശി പറയുന്നു. ആദ്യമൊക്കെ തനിക്ക് ആശങ്കയായിരുന്നു. അവള്‍ ബാംഗ്ലൂരില്‍ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് താന്‍ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും എന്നും ഉർവശി പറയുന്നു.

പിന്നെപ്പിന്നെ അത്തരം ചിട്ടകളൊക്കെ ഒഴിവാക്കിയെന്നാണ് ഉര്‍വ്വശി പറയുന്നത്. താന്‍ വളര്‍ന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കിയെന്നും നടി പറയുന്നു. അവര്‍ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ എന്നാണ് ഉര്‍വ്വശിയുടെ ഇപ്പോഴത്തെ കാഴ്ചപ്പാട്.

മോള് പഠിച്ച് നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് താന്‍ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും താന്‍ കരുതിയിരുന്നില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ക്രൈസ്റ്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്നും ഉർവശി  പറയുന്നു. നടിയുടെ മകള്‍ എന്ന ലേബലിലല്ല അവള്‍ വളര്‍ന്നത്. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളേയും പോലെ പഠനം, ജോലി അങ്ങനെയുള്ള ക്രമങ്ങളില്‍ തന്നെയായിരുന്നു അവളുടെ ജീവിതം.

ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് ചോദിച്ചു തുടങ്ങി, എന്തിനാണ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന്. അങ്ങനെയാണ് മോള്‍ സിനിമയെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. ഇപ്പോളവള്‍ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും ഉര്‍വ്വശി പറയുന്നുണ്ട്.

അതേസമയം അടുത്ത കാലത്താണ് നടി ഉർവശി സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങിയത്. ഇതിലൂടെ തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങൾ നടി പങ്കുവെക്കാറുണ്ട്. ഉർവശി പങ്കു വെയ്ക്കുന്ന പോസ്റ്റുകളിൽ എപ്പോഴും ശ്രദ്ധ നേടാറുള്ളത് മൂത്തമകൾ തേജാലക്ഷ്മിയുടെ സാന്നിധ്യം തന്നെയാണ്.

ആദ്യ ഭർത്താവും നടനുമായ മനോജ് കെ ജയനിൽ ഉർവശിക്ക് ജനിച്ച മകളാണ് തേജാലക്ഷ്മി. മകളുടെ പേരിൽ വിവാഹമോചന സമയത്ത് ഇരുവരും തമ്മിലുണ്ടായ തർക്കം വലിയ വാർത്താ പ്രാധാന്യം നേടിയതാണ്. മകളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ള തർക്കം നടക്കവെ ഉർവശിക്കൊപ്പം മകളെ വിടാൻ കോടതി ഉത്തരവിട്ടെങ്കിലും അമ്മയ്‌ക്കൊപ്പം പോകാൻ തേജാലക്ഷ്മി അന്ന് വിസമ്മതിച്ചു. എന്നാൽ പിന്നീട് അമ്മയെ മനസിലാക്കാൻ മകൾക്ക് കഴിഞ്ഞു എന്നതാണ് കണ്ടത്. അച്ഛനാെപ്പമാണ് കഴിയുന്നതെങ്കിലും ഇപ്പോൾ അമ്മ ഉർവശിയെ കാണാൻ ഇടയ്ക്കിടെ മകൾ എത്താറുണ്ട്.