
സിനിമകളിലൂടെ ആഘോഷിക്കപ്പെടുന്ന ജോഡികൾ പിന്നീട് ജീവിതത്തിലും ജോഡികളായിട്ടുണ്ട്. അത്തരത്തിൽ രജനീകാന്തിന് ഏറെ ഇഷ്ടമുള്ള ഒരു നടി ഉണ്ടായിരുന്നു. ഇതുവരെയുള്ള കരിയറിനിടയിൽ നിരവധി നായികമാരുടോപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും നടൻ രജനികാന്തിന്റെ മനസിൽ കയറി കൂടിയത് ഒരേ ഒരു നടി മാത്രമാണ്.
അത് മറ്റാരുമല്ല അന്തരിച്ച നടി സാക്ഷാൽ ശ്രീദേവി ആണ്. പെണ്ണ് ചോദിയ്ക്കാൻ ആയി ശ്രീദേവിയുടെ വീട്ടിൽ പോയിട്ട് രജനികാന്ത് അത് മനസ്സിൽ വെച്ച് തിരികെ പോരുകയായിരുന്നു.
ശ്രീദേവിയേക്കാൾ 13 വയസ് കൂടുതലുള്ള രജിനികാന്ത് ശ്രീദേവിക്കൊപ്പം നിരവധി സിനിമകളിൽ ഒരുമിച്ച് നായകനും നായികയുമായി അഭിനയിച്ചിട്ടുമുണ്ട്. ഏകദേശ 19 ഓളം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ട്. എല്ലാം വമ്പൻ ഹിറ്റുകളുമായിരുന്നു. അങ്ങനെ രജനി- ശ്രീദേവി ജോഡിക്ക് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. പ്രത്യേക സ്നേഹവും കരുതലും നടിയോട് രജിനികാന്തിനുണ്ടായിരുന്നു. ഒരു കാലത്ത് ശ്രീദേവി, കമൽഹാസൻ, സംവിധായകൻ കെ.ബാലചന്ദർ എന്നിവരുൾപ്പെടെ തിരഞ്ഞെടുത്ത ചുരുക്കം ചിലർക്ക് മാത്രമെ രജനികാന്തിൻ്റെ സ്വകാര്യ ഫോൺ നമ്പർ പോലും അറിയുമായിരുന്നുള്ളു.

1976ൽ പുറത്തിറങ്ങിയ ‘മൂണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ രജനികാന്ത്, കമൽ ഹാസൻ, ശ്രീദേവി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. 18 വയസുള്ള ഒരു പെൺകുട്ടിയും അവളുമായി പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരുടെയും കഥയായിരുന്നു ‘മൂണ്ട്ര് മുടിച്ച് ‘ എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം. ഈ ചിത്രത്തിലൂടെയാണ് രജിനികാന്ത്-ശ്രീദേവി ഓൺ സ്‌ക്രീൻ കെമിസ്ട്രി ആരംഭിച്ചത്. അന്ന് ഈ സിനിമയിൽ അഭിനയിക്കുമ്പോൾ വെറും 13 വയസ് മാത്രമായിരുന്നു ശ്രീദേവിയുടെ പ്രായം.
രജിനികാന്ത് ആദ്യമായി ഒരു പ്രധാന വേഷം അവതരിപ്പിച്ചതും ഈ ചിത്രത്തിലാണ്. ചിത്രത്തിൽ രജനിക്ക് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു. ആ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഈ ചിത്രത്തിനു ശേഷം വീണ്ടും നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഈ സിനിമയിലൂടെ ഉണ്ടായ ബന്ധം രജനികാന്തിനും ശ്രീദേവിക്കുമിടയിൽ നല്ല സൗഹൃദം ഉണ്ടാക്കി.
കാലക്രമേണ അവരുടെ പരിചയം അഗാധമായ സൗഹൃദമായി വളർന്നു. മാത്രമല്ല രജിനികാന്തിന് ശ്രീദേവിയുടെ അമ്മയുമായി അടുപ്പം വളർത്തിയെടുക്കാനും സാധിച്ചു. ശ്രീദേവിയോടുള്ള പ്രണയം രജനിയിൽ വല്ലാതെ വലുതായി. നിലവിലുള്ള സൗഹൃദം കൊണ്ട് ആ ബന്ധത്തെ വിവാഹത്തിലേക്ക് എത്തിക്കാമെന്ന ചിന്തയുമായി.
അങ്ങനെ ഒരിക്കൽ ശ്രീദേവിയെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം ശ്രീദേവിയുടെ അമ്മയോട് പ്രകടിപ്പിക്കാൻ രജിനികാന്ത് തീരുമാനിച്ചു. കെ.ബാലചന്ദർ ഒരു പഴയ അഭിമുഖത്തിൽ ശ്രീദേവിയുടെ വീട്ടിൽ രജിനി പെണ്ണ് ചോദിക്കാൻ പോയ സംഭവം വെളിപ്പെടുത്തിയിട്ടുണ്ട്.
ശ്രീദേവിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ രജിനികാന്തിനും ക്ഷണമുണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുക്കുമ്പോൾ ശ്രീദേവിയോടുള്ള ഇഷ്ടം അവരുടെ അമ്മയോട് പറഞ്ഞ് അഭിപ്രായം അറിയാമെന്നാണ് നടൻ കരുതിയിരുന്നത്. എന്നാൽ ചടങ്ങിൽ പങ്കെടുക്കാനായി ശ്രീദേവിയുടെ പുതിയ വീട്ടിലെത്തി രജനികാന്ത് അകത്തേക്ക് കാലെടുത്ത് വെച്ചതും വൈദ്യുതി തടസമുണ്ടായി. ഒരു നല്ല കാര്യം മനസിൽ വിചാരിച്ച് പ്രവേശിച്ചിട്ടും വെളിച്ചത്തിന് തടസമുണ്ടായത് രജിനികാന്തിനെ വിഷമിപ്പിച്ചു.

ആ സംഭവം ദുശ്ശകുനത്തിന്റെ സൂചനയാണെന്ന് രജിനികാന്തിന് തോന്നി. അതോടെ ശ്രീദേവിയുടെ അമ്മയോട് ശ്രീദേവിയെ പെണ്ണ് ചോദിക്കാതെ രജിനികാന്ത് അവിടെ നിന്നും മടങ്ങി. അന്ന് ആ ആഗ്രഹം പറഞ്ഞില്ലെങ്കിലും ശ്രീദേവിയുമായുള്ള സൗഹൃദം നടൻ വിട്ടില്ല. ‘ജോണി, ഗായത്രി, അടുത്ത വാരിസ്, നാൻ അടിമൈ ഇല്ലൈ, ഭഗവാൻ ദാദ, പോക്കിരി രാജ, ധർമ യുദ്ധം’ എന്നീ സിനിമകളിൽ രജനിയും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷമാണ് ലതയെ 1981ൽ നടൻ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് പെൺമക്കളും ഇരുവർക്കും പിറന്നു. ഐശ്വര്യ രജനികാന്തും സൗന്ദര്യ രജനികാന്തും. എന്നാൽ പക്ഷെ ലതയുമായി വിവാഹം കഴിഞ്ഞെങ്കിലും പഴയ സൗഹൃദം രജനികാന്ത് ഒഴിവാക്കിയില്ല. എന്നിട്ടും രജനിക്ക് ശ്രീദേവിയോടുള്ള ഇഷ്ടത്തിന് ഒരു ശതമാനം പോലും കുറവില്ലായിരുന്നു.
എന്നാൽ പക്ഷെ ബോളിവുഡ് സിനിമാ നിർമാതാവും വിവാഹിതനുമായ ബോണി കപൂറുമായി ശ്രീദേവി പ്രണയത്തിലായി. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ 1996 ലാണ് ബോണി കപൂറിനെ ശ്രീദേവി രഹസ്യമായി വിവാഹം ചെയ്തത്. ബോണി കപൂറിന്റെ രണ്ടാം ഭാര്യയാണ് ശ്രീദേവി. ഈ ബന്ധത്തിൽ രണ്ട് പെൺമക്കളും നടിക്കുണ്ട്. ജാഹ്നവി കപൂറും, ഖുശി കപൂറുമാണ് ശ്രീദേവി ബോണി കപൂർ ദമ്പതികളുടെ മക്കൾ. ഇരുവരും സിനിമയിൽ അരങ്ങേറി. ശ്രീദേവിയെപ്പോലെ ബോളിവുഡിൽ തിരക്കുള്ള താരമാണ് ഇപ്പോൾ മൂത്ത മകൾ ജാൻവി കപൂർ.
തമിഴ് നാട്ടിൽ ജനിച്ചു വളർന്നയാളാണ് ശ്രീദേവി. ബാലതാരമായാണ് ശ്രീദേവി സിനിമയിലെത്തുന്നത്. ‘കാന്തൻ കരുണൈ’ എന്ന തമിഴ് ചിത്രത്തിൽ ബാല മുരുകന്റെ വേഷത്തെ അവതരിപ്പിച്ചാണ് അഭിനയ രംഗത്ത് എത്തിയത്. അതിനു ശേഷം മലയാളത്തിലും തമിഴിലും ഒരേ പോലെ മുരുകന്റെ വേഷം ചെയ്തു.
ദേവരാഗത്തിലാണ് മലയാളത്തിൽ അവസാനം അഭിനയിച്ചത്. അപ്രതീക്ഷിതമായിരുന്നു ശ്രീദേവിയുടെ മരണം. 2018 ഫെബ്രുവരി 24ന് ദുബായിലെ ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് പോലീസ് പറഞ്ഞത്.
അതേസമയം കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്റെ പരമ്പരയിലാണ് രജിനി കാന്തിന്റെ ജനനം. പിന്നീട് രജനികാന്ത് കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ചെന്നൈയിലെത്തിയ താരത്തിന്റെ ഇതുവരെയുള്ള ജീവിതം സിനിമാ കഥയെ പോലും വെല്ലുന്നതാണ്.











