
ദുൽഖർ സൽമാൻ ഏറ്റവും ഒടുവിൽ നായകനായി എത്തിയ ലക്കി ഭാസ്കർ എന്ന ചിത്രം ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിന് ആണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. നവംബർ 28 മുതൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വെഫേറർ ഫിലിംസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒരു ചെറിയ ഇടവേളക്ക് ശേഷമാണു ദുൽഖർ സൽമാന്റെ ചിത്രം ലക്കി ഭാസ്കർ ഒ ടി ടിയിലും വരവറിയിക്കുന്നത് .ദീപാവലി റിലീസായി ഒക്ടോബര്‍ 31ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ലക്കി ഭാസ്കർ.എന്നാൽ അമരൻ എന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ കോളിളക്കത്തിൽ ലക്കി ഭാസ്കർ എന്ന ചിത്രം നിശബ്ദമായ വരവറിയിക്കുകയായിരുന്നു . 100 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം സംവിധാനം ചെയ്തത് വെങ്കി അറ്റ്ലൂരിയാണ്.

പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഭാസ്കർ എന്ന പ്രധാന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്.1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ദുൽഖറിനൊപ്പം മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. പതിനാല് മാസത്തിന് ശേഷം ദുല്‍ഖറിന്‍റേതായി റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്കര്‍.











