ടോളിവുഡ് താരം നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും ഉടൻ വിവാഹിതരാകുന്നു

ടോളിവുഡ് താരം നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും ഡിസംബർ 4 ന് വിവാഹിതരാകും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിനിമാ, രാഷ്ട്രീയ, ബിസിനസ് ലോകങ്ങളിൽ നിന്നുള്ള അതിഥികള്‍ക്കൊപ്പം അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിലെ നാഗചൈതന്യയുടെ കുടുംബ സ്ഥാപനമായ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചായിരിക്കും വിവാഹം എന്നാണ് വിവരം. അന്നപൂർണ സ്റ്റുഡിയോ തൻറെ ഫാമിലിയുമായി ഏറെ ഇന്റിമസി ഉണ്ടായിരുന്ന സ്ഥലമാണെന്ന് നാഗചൈതന്യ പങ്കുവച്ചിരുന്നു .തൻ്റെ മുത്തച്ഛനുമായി ഏറെ ബന്ധമുള്ളതാണ് അന്നപൂർണ സ്റ്റുഡിയോ എന്നും താരം പറഞ്ഞിരുന്നു .

നാഗ ചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണ് ഇത്. നേരത്തെ നടി സാമന്തയുമായി നീണ്ടകാലത്തെ പ്രണയത്തിന് ശേഷം നാഗ ചൈതന്യ വിവാഹിതനായിരുന്നു. എന്നാല്‍ ഇത് അധികകാലം നീണ്ടില്ല. 2022ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. പിന്നീടാണ് ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലായതും വിവാഹത്തിലേക്ക് നീങ്ങിയതും. സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം ഏറെ ചർച്ചയായിരുന്നു .വളരെ സന്തോഷത്തോടെയായിരുന്നു അന്ന് ഈ വാർത്ത ആരാധകർ സ്വീകരിച്ചിരുന്നത് .എന്നാൽ അത് അധിക നാൾ നീണ്ടു പോയില്ല .സാമന്ത തന്റെ വിവാഹ വസ്ത്രം പോലും വിരഹത്തിന്റെ ഓർമക്കായി കസ്റ്റമൈസ് ചെയ്തിരുന്നത് വ്യത്യസ്തമായ വാർത്തയായി മാറി .

അതേ സമയം ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ഒരു ഒടിടി പ്ലാറ്റ്ഫോമിന് വില്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നാണ്.ടോളിവുഡിലെ ഹൈ പ്രൊഫൈല്‍ വിവാഹം സ്ട്രീം ചെയ്യാനുള്ള പ്രത്യേക അവകാശം നേടുന്നതിന് നിരവധി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ നാഗാർജുന കുടുംബവുമായി ചര്‍ച്ചയിലാണ് എന്നാണ് വിവരം.

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ് സിനിമയില്‍ അടക്കം അഭിനയിച്ച നടിയാണ് ശോഭിത ധൂലിപാല.ഇരുവരുടെയും വിവാഹം നയൻ‌താര വിഘ്നേഷ് എന്നിവരുടെ വിവാഹം സ്ട്രീം ചെയ്തതുപോലെയാക്കാൻ തീരുമാനമുണ്ടെന്നും അഭ്യൂഹങ്ങൾ ഉണ്ട് . അതേ സമയം നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹ ഡോക്യുമെന്‍ററി മികച്ച പ്രേക്ഷക കാഴ്ചയാണ് നെറ്റ്ഫ്ലിക്സില്‍ നേടുന്നത്. ഈ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് നടന്‍ ധനുഷുമായി ഉണ്ടായ പ്രശ്നങ്ങള്‍ ഇതിന്‍റെ കാഴ്ചക്കാരെ വര്‍ദ്ധിപ്പിച്ചുവെന്നാണ് വിവരം.