പൊട്ടിചിരിപ്പിച്ച് ഫാന്റസി ഹൊറർ കോമഡി എന്‍റര്‍ടെയ്നര്‍ ‘ഹലോ മമ്മി’

വൈശാഖ് എലൻസിന്‍റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്‍റര്‍ടെയ്നര്‍ ‘ഹലോ മമ്മി’ വിയജകരമായ് പ്രദർശനം തുടരുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി എന്റർടൈനർ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. സിനിമ കാണാനെത്തുന്നവരിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. യുവാക്കളോടൊപ്പം അമ്മമാരും കുട്ടികളും കൂട്ടച്ചിരി ചിരിച്ച് തിയറ്ററിൽ കോളിളക്കം സൃഷ്ടിക്കുകയാണ്.

ഷറഫുദ്ദീന്റെ ഇതുവരെയുള്ള കോമഡി കഥാപാത്രങ്ങളൊന്നും പ്രേക്ഷകർ മറന്നിട്ടില്ല. അക്കൂട്ടത്തിലേക്ക് ബോണിയെ കൂടി ചേർത്തുവെച്ചിരിക്കുകയാണ്. ഐശ്വര്യ ലക്ഷ്മി ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിക്കൊണ്ടാണ് ഇത്തവണ എത്തിയിരിക്കുന്നത്. സ്റ്റെഫിയായ് വന്ന് ഗംഭീര പെർഫോർമെൻസാണ് കാഴ്ചവെച്ചിരിക്കുന്നത്. ഷറഫുദ്ദിൻ ഐശ്വര്യ ലക്ഷ്മി കോംബോ ആസ്വദിക്കുകയാണ് ആരാധകർ .റിലീസ് ദിനത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രം മികച്ച അഭിപ്രായങ്ങളാണ് ഏറ്റുവാങ്ങുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്’ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസും കരസ്ഥമാക്കി. ജേക്സ് ബിജോയിയുടെതാണ് സംഗീതം. ‘വരത്തൻ’ന് ശേഷം ഷറഫുദ്ദീനും ഐശ്വര്യയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ‘ഹലോ മമ്മി’.