വയലൻസ് നിറഞ്ഞ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഉടൻ എത്തുന്നു

Unni Mukundan Movie Marco with violence
Unni Mukundan Movie 'Marco' With Violence

ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ , ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ സെൻസറിങ് പൂർത്തിയായി.പൂർണ വയലൻസിൽ എത്തുന്ന ചിത്രം മാർക്കോ ഡിസംബർ 20 തീയതി ആരാധകർക്കു മുന്നിൽ എത്തുമെന്നാണ് വാർത്തകൾ . മാർക്കോയുടെ ടീസറും പ്രോമോഷൻ ഗാനങ്ങളും നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ട് വയലൻസ് സിനിമകൾക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് ‘മാർക്കോ’യ്ക്ക് നൽകിയത്.

നേരത്തെ മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലന്‍റ് ചിത്രമായിരിക്കും ‘മാർക്കോ’യെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് സെൻസർ ബോർഡ് ഇപ്പോൾ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രം ഡിസംബർ 20 ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ പ്രതീക്ഷയോടെയാണ് മലയാളി സിനിമാ പ്രേക്ഷകർ ‘മാർക്കോ’യെ കാത്തിരിക്കുന്നത്.

ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിൽ ‘മാർക്കോ’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടമുണ്ട്. ഔദ്യോഗികമായി ടിക്കറ്റ് ബുക്കിംഗിന് തുടക്കമിട്ടത് കേരള സ്പീക്കർ എ.എൻ ഷംസീര്‍ ആണ്. ഡിസംബർ 20ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ ആയിരത്തിലേറെ ടിക്കറ്റുകളാണ് ബുക്കായിക്കൊണ്ടിരിക്കുന്നത്.

പ്രേക്ഷകർ ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് ‘മാർക്കോ’. ഐഎംഡിബി പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളിൽ ആകെയുള്ള മലയാളം സിനിമയും ‘മാർക്കോ’ മാത്രമാണ് എന്നതാണ് ശ്രദ്ധേയം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനായി ഒരുങ്ങുന്നത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുകയുമാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്.