
വില്ലന്‍ കഥാപാത്രത്തിലൂടെ ഒരുകാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്നു നടന്‍ രാജന്‍ പി ദേവ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖബാധിതനായി മരണപ്പെട്ട നടന്‍ ഇന്നും അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ്. ഇതിനിടെ രാജന്‍ ദേവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു.
മണ്‍മറഞ്ഞു പോയ താരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ‘ഓര്‍മ്മയില്‍ എന്നും’. രമേഷ് പിഷാരടി അവതാരകനായിട്ടെത്തുന്ന ഈ പരിപാടിയില്‍ കഴിഞ്ഞ ദിവസം രാജന്‍ പി ദേവിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ മകനും നടി പൊന്നമ്മ ബാബുവുമൊക്കെ അതിഥികളായി ഇതില്‍ പങ്കെടുത്തിരുന്നു.നടൻ രാജൻ പി ദേവിൻറെ ഓർമകൾ പങ്കുവെക്കുകയാണ് പൊന്നമ്മ ബാബു.
ബ്ലാക്ക് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും… കുറച്ച് ഒച്ച ഒക്കെ ഉണ്ടാക്കുമെങ്കിലും സുരേഷ് ഗോപിയത് കാര്യമാക്കില്ല. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ അകത്തു പോയി അദ്ദേഹം വേറെ സിഗററ്റ് എടുത്തിട്ട് വരും.
രാജേട്ടന്‍ സിഗരറ്റ് വലിക്കുന്നുണ്ടോന്ന് ഒന്ന് നോക്കിക്കോണേ എന്ന് അദ്ദേഹത്തിന്റെ ഭാര്യ ശാന്തേച്ചി സുരേഷ് ഗോപിയെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് സിഗരറ്റ് വലിക്കരുത് എന്നാണ്. ഇതറിയാവുന്നതുകൊണ്ട് സുരേഷ് ഗോപി കാണുന്നതൊക്കെ കളയും. രാജേട്ടന്‍ സിഗരറ്റ് വലിക്കുന്നുണ്ടെന്ന് ഞാനും കാണുമ്പോഴൊക്കെ വിളിച്ചു പറയും. അപ്പോള്‍ പുള്ളി എന്നെ വഴക്കു പറയുമെന്നും പൊന്നമ്മ ബാബു പറയുന്നു.











