കരുത്തുറ്റ കഥാപാത്രങ്ങളുടെ രാജകുമാരി ;റൈഫിൾ ക്ലബിലൂടെ തിരിച്ചുവന്ന് വാണി വിശ്വനാഥ്

Action Lady Vani Vishwanath In Riffle Club
Action Lady Vani Vishwanath In Riffle Club

തിരിച്ചുവരവുകള്‍ ഗംഭീരമാക്കിയ നടിമാരുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്.കരുത്തുറ്റ കഥാപാത്രങ്ങളുടെ രാജകുമാരി വാണി വിശ്വനാഥ് . മലയാളത്തിന്റെ ആക്ഷന്‍ ലേഡി ആണ് വാണി വിശ്വനാഥ്. വാക്കിലും നോക്കിലും സ്‌ക്രീനിനെ ഭരിക്കുന്ന വാണി വിശ്വനാഥിനെ റൈഫിള്‍ ക്ലബില്‍ കാണാനാകും. ഇട്ടിയാനം എന്ന പ്രധാന കഥാപാത്രങ്ങളിലൊരാളായി സീനുകളിലെല്ലാം സിനിമയെ അനായാസം വാണി, തന്റേതാക്കി മാറ്റുന്നുണ്ട്.

ചിത്രത്തിലെ സ്ലോ മോഷന്‍ ഇന്‍ട്രോ സീന്‍ മുതല്‍ അവസാനത്തിലെ തകര്‍പ്പന്‍ രംഗങ്ങള്‍ വരെ, ഇട്ടിയാനം എത്തുന്ന ഓരോ സീനും കാണികളെ ആവേശഭരിതരാക്കുന്നുണ്ട്. വാണി വിശ്വനാഥിനെ ആദ്യമായി കാണിക്കുമ്പോള്‍ ഉയരുന്ന കയ്യടികളില്‍, തൊണ്ണൂറുകള്‍ മുതല്‍ 2011 വരെ അവര്‍ ചെയ്തുവെച്ച വേഷങ്ങളോടുള്ള മലയാളി പ്രേക്ഷകരുടെ ഇന്നും തുടരുന്ന ഇഷ്ടം വ്യക്തമായിരുന്നവയാണ്. മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ നായിക എന്ന വാണിയുടെ സ്ഥാനത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ആരും ഇതുവരെ വന്നിട്ടില്ലെന്നതിന്റെ സൂചനകള്‍ കൂടിയായിരുന്നു ആ കയ്യടികള്‍.

എന്നാല്‍ റൈഫിള്‍ ക്ലബ് മുന്നോട്ടുപോകവേ മുന്‍ കഥാപാത്രങ്ങളുടെയൊന്നും ആവര്‍ത്തനമില്ലാതെ ഇട്ടിയാനം നമുക്ക് മുന്‍പിലെത്തും. ‘ഇവിടെ ആണുങ്ങളാരുമില്ലേ’ എന്ന ബീരയുടെ ചോദ്യത്തിന്റെ വായടപ്പിക്കാന്‍, ഇരുട്ടത്ത് നിന്നും വെളിച്ചത്തിലേക്ക് കയറിനിന്നു കൊണ്ടുള്ള ഇട്ടിയാനത്തിന്റെ ഒരൊറ്റ നോട്ടം മതിയായിരുന്നു അതിന്. പിന്നീട് ഇട്ടിയാനം പറയുന്ന ഒരു ചെറിയ വാചകവും ഒപ്പം ഒരു തോക്കും ആകുന്നതോടെ സീന്‍ വാണി വിശ്വനാഥിന് സ്വന്തം. സിനിമയിലെ ഷൂട്ടിങ് സീനുകളിലും അപാര സ്‌ക്രീന്‍ പ്രസന്‍സോടെയാണ് താരം എത്തുന്നത്. എല്ലാ കഥാപാത്രങ്ങള്‍ക്കും പഞ്ച് സീനുകള്‍ ഉണ്ടെങ്കിലും, ഇട്ടിയാനം വേറെ ലെവലാണെന്ന് തന്നെ പറയാം.

അതേസമയം, തികച്ചും ഒരു റെട്രോ സ്റ്റൈല്‍ സിനിമയായി ആഷിഖ് അബു ഒരുക്കിയിരിക്കുന്ന റൈഫിള്‍ ക്ലബിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ബോളിവുഡില്‍ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘റൈഫിള്‍ ക്ലബ്’. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്.