
നോർത്ത് ഇന്ത്യൻ ചായ ഉള്ള ചില നടന്മാരൊക്കെ നമ്മുടെ മലയാളത്തിലുമുണ്ട്. അത്തരം കഥാപത്രങ്ങൾക്ക് അങ്ങ് ഉത്തരേന്ത്യയിൽ നിന്നൊന്നും നടന്മാരെ ഇങ്ങോട്ട് മലയാളത്തിൽ ഇറക്കേണ്ട കാര്യമൊന്നുമില്ല. നമ്മുടെ ബാബു ആന്റണി, നിഷാന്ത് സാഗർ, സുധീർ സുകുമാരൻ തുടങ്ങി കുറെ നടന്മാർ ഈ ലിസ്റ്റിൽ വരും.ഈ പറഞ്ഞ ലിസ്റ്റിൽ പേര് ചേർക്കാൻ പറ്റുന്ന അധികമാർക്കും അറിയാത്ത ഒരു നടനാണ് മലയാളത്തിലെ കിരൺരാജ്. മലയാളത്തിൽ നിരവധി വില്ലൻ വേഷങ്ങളും സഹനടൻ റോളുകളും ചെയ്ത് ശ്രദ്ധനേടിയ നടനാണ് കിരൺ രാജ്.ഒരു കാലത്ത് മലയാള സിനിമയിൽ അധോലോകത്ത് നിന്ന് എത്തുന്ന വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് കിരൺ ആണ്. ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ് കിരൺ രാജ്.

ഓരോ സിനിമ കാണുമ്പോഴും അതിലെ പല കഥാപാത്രങ്ങളും തനിക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. അടുത്തിടെ ഒരു പടം കണ്ടപ്പോഴും അങ്ങനൊരു തോന്നൽ വന്നു. ഈ കഥാപാത്രം തനിക്ക് കിട്ടിയില്ലല്ലോയെന്ന്. പക്ഷെ ഷൈൻ ടോം ചാക്കോ ചെയ്യുന്ന കഥാപാത്രങ്ങൾ തനിക്ക് ചെയ്യാൻ പറ്റില്ല. കാരണം ഫിഗറ് വ്യത്യാസമുണ്ട്. പിന്നെ അത് അവന് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ്. അവന്റേത് വേറൊരു സ്റ്റൈലാണ്. അവന് വേണ്ടി എഴുതിയതാണ്. അവിടെ തന്നെ പ്രതിഷ്ഠിക്കാൻ പറ്റില്ല. തനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കൾക്കും പ്ലസ്സും മൈനസുമുണ്ട്. അത് അറിഞ്ഞ് വരുന്ന കഥാപാത്രങ്ങൾ തനിക്ക് ചെയ്യാൻ പറ്റും എന്നാണ് കിരൺ രാജ് പറയുന്നത്.

കൂടതെ നടൻ പറയുന്നു ,മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ ഇവർ വർഷങ്ങളായി സിനിമയിലുള്ളവരാണ്. പക്ഷെ ഇവരുടെ എല്ലാ പടങ്ങളും ഹിറ്റൊന്നുമല്ലല്ലോ. കഥ കേൾക്കുമ്പോൾ ഇഷ്ടപ്പെട്ടിട്ടാണ് ഇവർ അഭിനയിക്കാമെന്ന് സമ്മതിക്കുന്നത്. എന്നിട്ട് സിനിമ റിലീസിന് എത്തുമ്പോൾ കഥയുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ഇവരൊക്കെ സെലക്ടീവാണ് പക്ഷെ അവർ കേൾക്കുന്ന കഥകൾ അതുപോലെ വരണമെന്നില്ല നടൻ പറഞ്ഞു.











