
തമിഴകത്ത് തിരക്കേറുകയാണ് മഞ്ജു വാര്യർക്ക്. മലയാളത്തേക്കാൾ തമിഴിലാണ് മഞ്ജുവിന് ഇന്ന് വലിയ അവസരങ്ങൾ ലഭിക്കുന്നത്. മലയാളത്തിൽ താരം തെരഞ്ഞെടുത്ത പല സിനിമകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാൽ തമിഴ് സിനിമകൾ മഞ്ജുവിന് ഭാഗ്യം തുണക്കുകയാണ്. അസുരനിലൂടെയായിരുന്നു നടിയുടെ തുടക്കം. പിന്നീടിങ്ങോട്ട് തുനിവ്, വേട്ടയാൻ, വിടുതലൈ 2 എന്നീ സിനിമകളിലും നായികയായി. തമിഴകത്ത് നടിക്ക് എടുത്ത് പറയാൻ ബോക്സ് ഓഫീസ് നേട്ടങ്ങളുമുണ്ട്. വേട്ടയാൻ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും നടിയുടെ മറ്റ് സിനിമകൾ ഹിറ്റായവയാണ്. ഒടുവിൽ പുറത്തിറങ്ങിയ വിടുതലൈ 2 വിന്റെ കലക്ഷൻ റിപ്പോർട്ടാണിപ്പോൾ പുറത്ത് വരുന്നത്.

3.20 കോടി രൂപയാണ് ചിത്രം ആഗോള തലത്തിൽ ആകെ നേടിയ കലക്ഷൻ. 53 കോടി രൂപ ഇന്ത്യയിൽ നിന്നും 10.20 കോടി വിദേശത്ത് നിന്നും. 35 കോടി രൂപയായിരുന്നു വിടുതലെെ 2 വിന്റെ ബഡജ്റ്റ്. സിനിമയുടെ ഒന്നാം ഭാഗത്തേക്കാൾ 19.5 ശതമാനം കൂടുതൽ കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. ഒന്നാം ഭാഗം വലിയ പ്രശംസ നേടിയതിനാൽ രണ്ടാം ഭാഗം നൂറ് കോടി കലക്ഷൻ നേടുമെന്ന് കരുതിയിരുന്നു. എന്നാൽ അതുണ്ടായില്ല, എങ്കിലും ചിത്രം സാമ്പത്തിക വിജയം നേടി. 160 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രമാണ് വേട്ടയാൻ. 251 കോടി രൂപയാണ് ചിത്രത്തിന് ആഗോള തലത്തിൽ നേടിയത്
എന്നാൽ പ്രേക്ഷകർ ആവറേജെന്ന് വിധിയെഴുതിയ ചിത്രത്തിൽ മഞ്ജുവിന് വളരെ ചെറിയ റോളായിരുന്നു. മഞ്ജുവും അജിത്ത് കുമാറും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് തുനിവ്. 194.50 കോടി രൂപ കലക്ട് ചെയ്ത സിനിമ ഹിറ്റായിരുന്നു. 50 കോടി രൂപയാണ് മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം അസുരൻ ആഗോള തലത്തിൽ ബോക്സ് ഓഫീസിൽ നേടിയത്. സാറ്റ്ലൈറ്റ്, ഡിജിറ്റൽ മ്യൂസിക് റൈറ്റുകൾ നോക്കുമ്പോൾ ചിത്രം 100 കോടിക്കടുത്ത് റെവന്യൂ നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.












