പ്രേഷകരുടെ അഭിപ്രായം മാനിച്ച് ‘അം അഃ’ ചിത്രത്തിന്റെ ദൈർഘ്യം കുറച്ചു

കാപി പ്രൊഡക്ഷൻസ് നിർമിച്ച് തോമസ് സെബാസ്‌റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് ‘അം അഃ’. ഇപ്പോഴിതാ പ്രേക്ഷകരുടെ അഭിപ്രായം പരിഗണിച്ച് ചിത്രത്തിന്റെ ദൈർഘ്യം കുറച്ചിരിക്കുകയാണ്.ജാഫർ ഇടുക്കിയും, ദേവദർശിനിയും, ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് അം അഃ. ചിത്രം ഈ മാസം 24നാണ് തീയറ്ററുകളിലെത്തിയത്. വളരെ കുറച്ചു സമയത്തിനുള്ളിൽ മികച്ച ഒരു കഥ പറഞ്ഞുവച്ചുവെന്ന മട്ടിൽ തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ദൈർഘ്യം വീണ്ടും അല്പം കൂടി കുറച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ഒരു മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നതിൽ നിന്നും ചിത്രത്തിന്റെ  7 മിനിറ്റാണ് ഇപ്പോൾ വീണ്ടും അണിയറ പ്രവർത്തകർ കുറച്ചിരിക്കുന്നത്. ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഒന്നു രണ്ടു ദിവസത്തിനുള്ളിൽ തീയറ്ററുകളിലെത്തും. അം അഃ എന്ന ഈ ചിത്രത്തിൽ ഇടുക്കിയിലെ ഒറ്റപ്പെട്ട ഒരു മലയോര​ഗ്രാമത്തിലെ കുറച്ച് മനുഷ്യരുടെ  കഥയാണ്  പറയുന്നത്.

റോഡുപണിയ്ക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫനും സ്റ്റീഫന്റെ വരവോടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലുള്ളത്. സസ്പെൻസിന്റെയും വൈകാരികതയുടേയും അകമ്പടിയിലാണ് തോമസ് സെബാസ്റ്റ്യനും കൂട്ടരും ചിത്രം ആവിഷ്ക്കരിച്ചിരിക്കുന്നത്.സ്റ്റീഫനായി എത്തുന്ന ദിലീഷ് പോത്തൻ, അമ്മിണിയമ്മയായെത്തുന്ന ദേവദർശിനി, ജിൻസിയായെത്തുന്ന ശൃതി ജയൻ, മെംബറായി  വരുന്ന ജാഫർ ഇടുക്കി എന്നിവരുടെ പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ മീരാ വാസുദേവ്, ജയരാജൻ കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, അലൻസിയർ, ടി.ജി.രവി, അനുരൂപ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്നു.