
തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കറിന്’ ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ഫിലിംസ് ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഈ ചിത്രത്തിന്റെനിർമ്മാതാക്കൾ, ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ്. തന്റെ അഭിനയ വൈദഗ്ധ്യത്തിനും കലയോടുള്ള അർപ്പണബോധത്തിനും പ്രശംസ നേടിയ ദുൽഖർ, ബാംഗ്ലൂർ ഡേയ്സ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഓ കാതൽ കൺമണി, മഹാനടി, കുറുപ്പ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെയും, സീതാ രാമം, ലക്കിഭാസ്കർ തുടങ്ങിയ സമീപകാല വൻ വിജയങ്ങളിലൂടെയും സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുകയാണ്.
രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. അതിശയിപ്പിക്കുന്ന രൂപകൽപ്പനയും പ്രചോദനാത്മകമായ ഇമേജറിയും കഥാപാത്രങ്ങളും പ്രമേയങ്ങളും ഉപയോഗിച്ച് പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം വർധിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സജ്ജീകരിച്ചിരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.











