
ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നുകൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വിഡിയോ പ്രേക്ഷകർക്ക് മുന്നിലെത്തി. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം ആസിഫ് അലി അഭിനയിച്ച റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സർക്കീട്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഈ ചിത്രം 2025 ഏപ്രിലില്‍ ആഗോള റിലീസാകുകയാണ്. അജിത് വിനായക ഫിലിംസ് നിര്‍മിക്കുന്ന ഈ എട്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാണത്തിൽ ഫ്ളോറിന്‍ ഡൊമിനിക്കും പങ്കാളിയാണ്.
ചിത്രത്തിലെ വീഡിയോയിൽ ആസിഫ് അലിയും ഒരു ബാലതാരവും തമ്മിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്ന വളരെ മനോഹരമായ ഒരു രംഗമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത് ദിവ്യ പ്രഭയാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ഹിറ്റ് ചിത്രമാണ് സർക്കീട്ട്.
ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് താമർ തന്നെയാണ്. ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരിച്ചത്.അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.











