‘ലൂസിഫറി’ലെ ഗോവർധൻ ‘എമ്പുരാനിലും’ എത്തുന്നു! ആർക്കും അറിയാത്ത ചില സത്യങ്ങളാണ് എമ്പുരാനിൽ പറയുന്നത്; ഇന്ദ്രജിത്ത് പറയുന്നു

എന്താണ് അയാൾ, എന്താണ് അയാളുടെ ഭാവി? ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ എമ്പുരാനിൽ പറയു൦ , ഇന്ദ്രജിത്ത് പറയുന്നു

എമ്പുരാൻ’ സിനിമയിലെ ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്ന ഗോവർധന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ചിത്രത്തിലെ എട്ടാമത്തെ കഥാപാത്രമായാണ് ഗോവർധനെ അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് മുന്നിൽ കാട്ടുന്നത്. ഇപ്പോൾ ചിത്രത്തിലെ തന്റെ കഥപാത്രത്തെ കുറിച്ച് ഇന്ദ്രജിത്ത് വെളിപ്പെടുത്തുന്നു. ലൂസിഫറിലെയും എമ്പുരാനിലെയും സത്യാന്വേഷിയായ ഗോവർധനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ആർക്കും അറിയാത്ത ചില സത്യങ്ങൾ ഡാർക്ക് വെബ്ബിലൂടെയും മറ്റും കണ്ടെത്തി ലോകത്തോട് വിളിച്ചു പറയുന്ന ഒരു വ്യക്തിയായിരുന്നു ലൂസിഫറിലെ ഗോവർധൻ.

ആ കഥാപാത്രം തന്നെയാണ് എമ്പുരാനിലും തുടരുന്നത്. ഇങ്ങനെയുള്ള ആളുകൾക്ക് ലോകം നമ്മുടെ വിരൽത്തുമ്പിലാണെന്ന തോന്നൽ പലപ്പോഴും ഉണ്ടാകും. എന്നാൽ അതിനുമപ്പുറ൦ നമ്മൾ അറിയാത്ത ചില കാര്യങ്ങൾ ലോകത്തുണ്ട്. അല്ലെങ്കിൽ നമുക്ക് ആർക്കും കണ്ടെത്താൻ പറ്റാത്ത ചില സത്യങ്ങൾ ലോകത്ത് മറഞ്ഞിരിപ്പുണ്ട്, എന്ന തിരിച്ചറിവും എമ്പുരാനിലൂടെ ഗോവർധനിൽ എത്തുന്നുണ്ട്. ഒരു പ്രോജക്ടിൽ നിന്നും നടനിൽ നിന്നും സിറ്റുവേഷനിൽ നിന്നുമൊക്കെ എന്തൊക്കെ വേണമെന്നുള്ള വ്യക്തമായ ധാരണ രാജുവിന് ഉണ്ട്, ഇന്ദ്രജിത്ത് പറയുന്നു.

ഞാനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്ന് വിശ്വസിക്കുന്ന ആളാണ്. സംവിധായകന് അങ്ങനെയൊരു ധാരണ ഉണ്ടെങ്കിൽ പാതിജോലി എളുപ്പമായി. ഗോവർധനെക്കുറിച്ചും രാജുവിന് കൃത്യമായി അറിയാം. എന്നോട് സംസാരിച്ച് ആ കഥാപാത്രത്തെ അങ്ങനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. എമ്പുരാൻ കുറേകൂടി ബിഗ് സ്കെയിൽ സ്റ്റോറി പറയുന്ന സിനിമയാണ്. സ്റ്റീഫൻ നെടുമ്പള്ളിയിലൂടെ പോയി അബ്രാം ഖുറേഷിയിലാണ്, ലൂസിഫർ പറഞ്ഞുനിറുത്തിയത്. ആരാണ് ഇയാൾ, ഇയാളുടെ പാസ്റ്റ് എന്തായിരുന്നു, അല്ലെങ്കിൽ ഇപ്പോൾ എന്താണ് അയാൾ, എന്താണ് അയാളുടെ ഭാവി? ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ എമ്പുരാനിൽ പറയുമെന്നാണ് എന്റെ വിശ്വാസം , ഇന്ദ്രജിത് പറഞ്ഞു.