ഏപ്രിൽ 2 മുതൽ ‘മോണിക്ക: ഒരു എഐ സ്റ്റോറി’ ഇന്ത്യയിലെ ആദ്യ സർക്കാർ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം സിസ്‌പേസിൽ കാണാം

കണ്ണൂർ : ഇന്ത്യയിലെ ആദ്യത്തെ എ ഐ തീം സിനിമയായ ‘മോണിക്ക: ഒരു എഐ സ്റ്റോറി’ ഏപ്രിൽ 2 മുതൽ രാജ്യത്തെ ആദ്യത്തെ സർക്കാർ ഒടിടി പ്ലാറ്റ്‌ഫോമായ സിസ്‌പേസിൽ സ്ട്രീം ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ എ ഐ സിനിമ എന്ന നിലയില്‍ ഇന്ത്യ ഗവണ്‍ന്മെന്റിന്റെ അംഗീകാരം നേടിയ സിനിമയില്‍ അമേരിക്കന്‍ വംശജ അപര്‍ണ മള്‍ബറി, ഗോപിനാഥ് മുതുകാട് മാളികപ്പുറം ഫെയിം ശ്രീപത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചു. വിജയകരമായ തിയേറ്റർ റിലീസിന് ശേഷം, CSPACE OTT യിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് മോണിക്ക എത്തുകയാണ്.

എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമിക്കുകയും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്ത ‘മോണിക്ക: ഒരു എഐ സ്റ്റോറി’മനുഷ്യനും കൃത്രിമബുദ്ധിയും തമ്മിലുള്ള ബന്ധത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. സ്നേഹത്തിനായി കൊതിക്കുന്ന ഒരു ഹൈപ്പർ ആക്റ്റീവ് വിദ്യാർത്ഥിയായ സ്വരൂപിന്റെ കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഐടി സ്പെഷ്യലിസ്റ്റായ അമ്മാവൻ സ്വരൂപിനെ എഐ യുടെ ലോകത്ത് മോണിക്കയെന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതിലൂടെ ബാലന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവാണ് സിനിമയുടെ പ്രമേയം. ദേശീയ അവാർഡ് ജേതാവായ ബാല നടൻ ശ്രീപത് യാൻ സ്വരൂപ് എന്ന ബാലനായി അതിഗംഭീര അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.

മലയാളം സംസാരിക്കുന്ന ഇംഗ്ലീഷ് വനിത അപർണ മൾബറിയുടെ അഭിനയവും മികവാർന്നതാണ്. കൃത്രിമബുദ്ധിയുടെ സൂക്ഷ്മമായ സങ്കീർണ്ണതകളെ അവതരിപ്പിച്ചുകൊണ്ട്, മോണിക്ക എന്ന എഐ കഥാപാത്രത്തെ അവർ ജീവസുറ്റതാക്കിയിരിക്കുന്നു. ഗോപിനാഥ് മുതുകാട്, സിനി എബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, മൻസൂർ പള്ളൂർ, ആൽബർട്ട് അലക്സ്, ആനന്ദ് ജ്യോതി, ഷിജിത്ത്, അനിൽ ബേബി, അജയ് കല്ലായി, പ്രസന്നൻ പിള്ള എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നജീം അർഷാദ്, യർബാഷ് ബാച്ചു, അപർണ എന്നിവരാണ് ചിത്രത്തിലെ ഗായകർ. കേന്ദ്ര കഥാപാത്രത്തിനു പുറമെ, ഗായികയായും അരങ്ങേറുകയാണ് അപർണ.

സാങ്കേതികവിദ്യ, മാനവികത,സ്വത്വം എന്നിവയിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ സംഭവിച്ചേക്കാവുന്ന പരിണാമങ്ങളിലേക്കാണ് ഇ.എം. അഷ്‌റഫും മൻസൂർ പള്ളൂരും ചേർന്ന് രചിച്ച തിരക്കഥ വിരൽ ചൂണ്ടുന്നത് .ആളുകളുടെ സ്വഭാവം റോബോട്ടിക് രീതികളിലേക്ക് മാറുമ്പോൾ എ ഐ എങ്ങനെ കൂടുതൽ മനുഷ്യനെപ്പോലെയാകുന്നുവെന്ന് കൂടി ഈ സിനിമ കാണിച്ചു തരുന്നു. എ ഐ നിയന്ത്രിതമായ ലോകത്ത് നമ്മുടെ ജീവിതത്തിൽ സാങ്കേതികവിദ്യ വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും മനുഷ്യ ബന്ധങ്ങളിലെ വികാര ചോർച്ചയെക്കുറിച്ചും ഈ സിനിമ പ്രേക്ഷകനുമായി സംവദിക്കുന്നു.

പേ-പെർ-വ്യൂ മോഡലിൽ പ്രവർത്തിക്കുന്ന CSPCE പ്ലാറ്റ് ഫോമിലൂടെ , 75 രൂപക്ക് സിനിമ കാണാം. ഉയർന്ന നിലവാരമുള്ള സിനിമകൾ കൂടുതൽ പ്രേക്ഷകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സർക്കാർ ഒടിടി പ്ലാറ്റ് ഫോം പ്രവർത്തിക്കുന്നത്.

ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ CSPACE OTT ആപ്പ് ഡൗൺലോഡ് ചെയ്തുകൊണ്ട് സിനിമാ പ്രേമികൾക്ക് ഏപ്രിൽ 2 മുതൽ ‘മോണിക്ക:ഒരു Ai സ്റ്റോറി’കാണാൻ കഴിയും.