മഞ്ഞുമ്മൽ ബോയ്‌സിനേയും തകർത്തുകൊണ്ട് ‘എമ്പുരാൻ’, മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റിൽ ഒന്നാമൻ

മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കളക്‌ഷനാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ തകർത്തെറിഞ്ഞിരിക്കുന്നത്.

മലയാളത്തിൽ ഏറ്റവും ഉയർന്ന കലക്‌ഷൻ നേടുന്ന മലയാള സിനിമയായി മാറി ‘എമ്പുരാൻ’.മഞ്ഞുമ്മൽ ബോയ്സിനെ തകർത്താണ് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി എമ്പുരാൻ മാറിയിരിക്കുന്നത്. ഈ കാര്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കളക്‌ഷനാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ തകർത്തെറിഞ്ഞിരിക്കുന്നത്. ഇതൊരു അപൂർവ്വനേട്ടം തന്നെയാണ്. അതുപോലെ കഴിഞ്ഞദിവസമാണ്, ചിത്രത്തിന്റെ നിർമാതാവിനു കിട്ടുന്ന ഷെയർ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നത്.

അതേസമയം, മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയർ ലഭിക്കുന്നതെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. സിനിമയുടെ ആഗോള ഷെയർ കളക്‌ഷനാണിത്. എന്നാൽ മഞ്ഞുമ്മൽ ബോയ്സ് അന്ന് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. അതേസമയം എമ്പുരാന്റെ ആഗോള ഗ്രോസ് കലക്‌ഷൻ 250 കോടി പിന്നിട്ടു.

ഇന്ത്യയില്‍ കേരളത്തിനു പുറത്തുനിന്നും 30 കോടിയാണ് സിനിമക്ക് ലഭിച്ചിരുന്നത്. കേരളത്തിൽ നിന്നും ചിത്രം 50 കോടി കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിന് വീഴ്ത്തി മോഹൻലാല്‍ ചിത്രം വിദേശത്ത് ഒന്നാമതെത്തിയിട്ടുണ്ട്. ഈ ചിത്രം,വെറും രണ്ട് ദിവസം കൊണ്ടാണ് നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയത്. അതുപോലെ,റിലീസ് ചെയ്ത് അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലും ഇടംപിടിച്ചത്.