
എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി ഇന്നു മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ പ്രതികരിച്ചില്ല കേന്ദ്രമന്ത്രി. മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്, മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു.അദ്ദേഹം പുറത്തിറങ്ങുന്ന സമയത്ത് ഒരു മാധ്യമ പ്രവർത്തകരെയും കാണാൻ ഇടവരരുതെന്നും, ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും മന്ത്രിയുടെ ഉദ്യോഗസ്ഥർ ജീവനക്കാരെ അറിയിക്കുകയായിരുന്നു.
താൻ പുറത്തിറങ്ങുമ്പോൾ ഗെസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർദേശിച്ചതായും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്രമന്ത്രിമാരും, സംസ്ഥാന മന്ത്രിമാരും അടക്കമുള്ളവർ കൊച്ചിയിൽ എത്തുമ്പോൾ സാധാരണ താമസിക്കാറുള്ളത് എറണാകുളം ഗെസ്റ്റ് ഹൗസിലാണ്.ശനിയാഴ്ച രാവിലെ എത്തിയ സുരേഷ് ഗോപിയോടും പതിവു പോലെ പ്രതികരണം തേടിയെങ്കിലും, മിണ്ടാതെ അദ്ദേഹം മുറിയിലേക്കു പോയി. ഇതിനു ശേഷമാണ് മാധ്യമങ്ങളെ ഗെസ്റ്റ് ഹൗസിന്റെ ലോബിയിൽനിന്നു പുറത്താക്കണമെന്ന് ഗൺമാൻ വഴി റിസപ്ഷനിസ്റ്റിനെ അറിയിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം, ജബൽപുരിൽ വൈദികരെ മർദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടെ സുരേഷ് ഗോപി ക്ഷുഭിതനായാണ് സംസാരിച്ചത്. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. എന്നും ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ, യെന്നുമായിരുന്നു അദ്ദേഹം പറഞ്ഞ വാക്കുകൾ.











