
ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ നായിക വേഷം മനോഹരമാക്കിചെയ്യ്ത നടിയാണ് അഭിരാമി. വിവാഹശേഷം സിനിമയിൽ വിട്ടുനിന്ന നടി ഇപ്പോൾ നീണ്ട ഇടവേളകൾക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമായി തുടങ്ങിയിരിക്കുകയാണ്. പതിനാറ് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം അടുത്തിടെയാണ് നടിയും ഭർത്താവും ഒരു കുഞ്ഞിനെ ദത്തെടുത്തത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളോട് അതേ കുറിച്ച് നിരന്തരമായി ചോദിക്കരുതെന്ന് പറയുകയാണിപ്പോൾ നടി. പൊതുവെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ കാണുമ്പോൾ അതിന് പിന്നിലെ കാരണം അറിയാനുള്ള ശ്രമം നമുക്കിടയിലെ ആളുകൾ നടത്താറുണ്ട് അഭിരാമി പറയുന്നു.

കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിശേഷം ഒന്നുമായില്ലേയെന്ന ചോദ്യം നിത്യം നവദമ്പതികൾ നേരിടാറുണ്ട്. പൊതു ചടങ്ങുകളിൽ നിന്ന് പോലും വിവാഹം, കുഞ്ഞുങ്ങൾ ജോലി എന്നിവയുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ കാരണം വിട്ടുനിൽക്കുന്നവരുമുണ്ട്. കല്യാണം അടക്കമുള്ള വിഷയങ്ങളെല്ലാം ഓരോരുത്തരുടേയും പേഴ്സണൽ ചോയ്സാണ്. ഇന്ന പ്രായമാണ് വിവാഹത്തിന് നല്ലതെന്നും പറയാൻ കഴിയില്ല. താൽപര്യമുണ്ടെങ്കിൽ വിവാഹം കഴിക്കാം. അല്ലാത്ത പക്ഷം അതേ കുറിച്ച് ആരും ചോദ്യം ചെയ്യേണ്ടതില്ല.
കുഞ്ഞുങ്ങൾക്ക് ജന്മം നൽകണോ വേണ്ടയോ എന്നതും ഓരോ ദമ്പതികളുടേയും പേഴ്സണൽ ചോയിസാണ്. പ്രസവിക്കണോ, എത്ര കുട്ടികൾ വേണം, എപ്പോൾ പ്രസവിക്കണം, അതോ മറ്റെന്തിലും രീതിയിലും കുഞ്ഞുങ്ങളെ സ്വീകരിച്ചാൽ മതിയോ എന്നതൊക്കെ ഏത് കപ്പിളാണോ അവരുടെ മാത്രം ചോയ്സാണ്. അതുകൊണ്ട് തന്നെ ഒന്നിന്റെ പേരിലും അവരെ നിർബന്ധിക്കാൻ മറ്റുള്ളവർക്ക് സ്വാതന്ത്ര്യമില്ല. കുട്ടികൾ വേണ്ടെന്ന് ദമ്പതികൾ തീരുമാനിച്ചാലും അത് നിരന്തരമായി ചോദിച്ച് വിഷമിപ്പിക്കരുത്.അവർ എന്തൊക്കെ പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാകാം ചിലപ്പോൾ കുട്ടികൾ ജനിക്കാത്തത്, അതുകൊണ്ട് തന്നെ നിരന്തരമായി ഇത്തരം ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കരുത് ആരെയും, അഭിരാമി പറയുന്നു.












