
വീണാ വിജയനെതിരായ മാസപ്പടി കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താനതിനെ ഗൗരവമായി കാണുന്നില്ലെന്നും കേസ് കോടതിയില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വേണ്ടത് തന്റെ രക്‌തമാണെന്നും അത് അത്ര വേഗം കിട്ടുമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കമാണോ ഇതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിക്കുന്നത്. മകള്‍ തെറ്റു ചെയ്തിട്ടില്ലെന്നും കേസിന്റെ ലക്ഷ്യം താനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേസ് കോടതിയില്‍ നടക്കട്ടെ. എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ വല്ലാതെ ബേജാറാകേണ്ട. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം.എന്റെ രാജി വരുമോ എന്ന് മോഹിച്ച് നിന്നോളൂ.നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ് മാധ്യമങ്ങളെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു.മകള്‍ വാങ്ങിയത് സേവനത്തിനുള്ള പ്രതിഫലമാണെന്നും തന്റെ മകളായതിനാലാണ് വേട്ടയാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മകള്‍ നടത്തിയ സ്ഥാപനം നല്‍കിയ സേവനത്തിനുള്ള പണമാണ് ലഭിച്ചത്. കള്ളപ്പണമല്ല. നികുതിയും കണക്കുകളും രേഖാമൂലം നല്‍കിയതാണ്. അത് മറച്ചു വച്ചല്ലേ നിങ്ങള്‍ പ്രചരണം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ, ബിനീഷിനെതിരെ കേസ് വന്നപ്പോള്‍ അതില്‍ കോടിയേരിക്കെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിന്റെയും ജിഎസ്ടി അടച്ചതിന്റെയും കണക്കുകള്‍ പറയുന്നില്ല, കേസ് നടക്കട്ടെ എന്നെ ബാധിക്കില്ല മുഖ്യമന്ത്രി പറയുന്നു.











