ഗംഭീര മേക്കിങ്, ഈ വർഷത്തെ ഏറ്റവും നല്ല തമിഴ് ചിത്രം; മികച്ച പ്രതികരണങ്ങളുമായി ടൂറിസ്റ്റ് ഫാമിലി

അബിഷൻ ജീവിന്ദിന്റെ സംവിധാനത്തിൽ ശശികുമാറും, സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന  കോമഡി എൻ്റർടൈയ്നർ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആവേശം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മിഥുൻ ജയ് ശങ്കറും  ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗംഭീര മേക്കിങ് ആണ് സിനിമയുടേതെന്നും ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച സിനിമയാണ് ‘ടൂറിസ്റ്റ് ഫാമിലി’ എന്നുമാണ് ആദ്യ പ്രതികരണങ്ങൾ.

ശശികുമാറും സിമ്രാനും ചിത്രത്തിൽ മികച്ച് നിൽക്കുന്നെന്നും ആവേശത്തിൽ ബിബിമോനെ അവതരിപ്പിച്ച മിഥുന്‍റെ കയ്യടി നേടുന്ന പ്രകടനമാണ് ചിത്രത്തിലേതെന്നുമാണ് പ്രീമിയർ ഷോ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ചിത്രത്തിലെ ഹ്യൂമറും, ഇമോഷൻസും, ഡ്രാമയുമെല്ലാം സംവിധായകൻ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ച നിൽക്കുന്ന പ്രകടനങ്ങളും സിനിമയ്‌ക്കൊരു മുതൽക്കൂട്ടാണെന്നും പ്രതികരണങ്ങൾ ഉണ്ട്.

ഭരത്ത് വിക്രമൻ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദൻ വിശ്വനാഥൻ ആണ്. മില്യൺ ഡോളർ സ്റ്റുഡിയോസ്, എം.ആർ.പി എന്റര്ടെയ്ന്മെന്റ്സ് എന്നീ ബാനറുകളിൽ നസ്രത്ത് പസിലിയൻ, മഗേഷ് രാജേഷ് പസിലിയൻ, യുവരാജ് ഗണേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.