സീരിയൽ, സിനിമ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സീരിയൽ, സിനിമ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് അദ്ദേഹം കുറച്ചുനാളായി ഗുരുതരാവസ്ഥയിലായിരുന്നു. മരണവിവരം നടൻ കിഷോർ സത്യ തന്റെ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും.എന്നാൽ കരൾ നൽകാൻ മകൾ തയാറിയിരുന്നെങ്കിലും, ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പിന്നീട് കുടുംബം. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും.

മുൻപേ, വിഷ്ണുവിന്റെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സ‌ത്യ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു. അതുപോലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് ഒരഅംഗമാണ്. അമ്മയിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കിഷോർ സത്യ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.

സിനിമകളിലൂടെയും, സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം. വിനയൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി.